
വ്യോമപ്രതിരോധ സംവിധാനം സ്വന്തമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. നിലവില്‍ ഇന്ത്യയുടെ പക്കല്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും റഷ്യൻ നിർമിത എസ്-400 പ്രതിരോധ സംവിധാനവുമാണ് ഉള്ളത്.
ഇതിന് പുറമെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ ബാലിസ്റ്റിക് മിസൈല്‍ ഡിഫൻസ് സിസ്റ്റവും തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. നിലവിലുള്ള ഈ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അനുബന്ധമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള പുതിയ വ്യോമപ്രതിരോധ സംവിധാനമാണ് ഡി.ആർ.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പുകള്‍പെറ്റ ഇസ്രയേലിന്റെ അയണ്‍ഡോം, റഷ്യൻ എസ്-400 എന്നിവയെ പ്രകടനത്തില്‍ മറികടക്കുന്ന പുതിയ സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ‘പ്രോജക്‌ട് കുശ’ എന്നപേരിലാണ് പുതിയ വ്യോമപ്രതിരോധ സംവിധാനം ഒരുങ്ങുന്നത്.
മൂന്ന് തരത്തിലുള്ള ഇന്റർസെപ്റ്റർ എസ്.എ.എം (സർഫസ് ടു എയർ മിസൈല്‍) ആണ് ‘കുശ’യില്‍ ഉപയോഗിക്കുക. 150 കിലോ മീറ്റർ, 250 കിലോ മീറ്റർ, 350 കിലോ മീറ്റർ എന്നിങ്ങനെയാകും ഇവയുടെ പ്രഹരപരിധി. മറ്റ് രാജ്യങ്ങളുടെ പക്കലുള്ള ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ( എക്സ്റ്റൻഡഡ് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം)ക്കുള്ള ഇന്ത്യൻ ബദലാണ് ‘കുശ’.
350 കിലോ മീറ്റർ ദൂരെനിന്നുള്ള ലക്ഷ്യങ്ങളെ വരെ തിരിച്ചറിയാനുള്ള ശക്തിയേറിയ റഡാർ ഇതിനായി വികസിപ്പിക്കുന്നുണ്ട്. വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്ന തരത്തിലാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
‘കുശ’ യാഥാർഥ്യത്തിലേക്ക് അടുക്കുകയാണെന്നാണ് വിവരങ്ങള്‍. 2022-ലാണ് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി പ്രോജക്‌ട് ‘കുശ’യുടെ വികസനത്തിന് അനുമതി നല്‍കിയത്. 2023 സെപ്റ്റംബറില്‍ ‘കുശ’യുടെ അഞ്ച് സ്ക്വാഡ്രണുകള്‍ വാങ്ങാനുള്ള തീരുമാനമെടുക്കുകയും ചെയ്തു.
ഏതാണ്ട് 21,700 കോടി രൂപയാണ് ഇതിന് വേണ്ടിവരിക. നിലവില്‍ എയ്റോ ഇന്ത്യ പ്രതിരോധ പ്രദർശനത്തില്‍ ‘കുശ’യുടെ മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. 2025-ല്‍ ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം തുടങ്ങും. ഇതിനായി ‘കുശ’യില്‍ ഉപയോഗിക്കേണ്ട മിസൈലുകളുടെ രൂപകല്‍പ്പനയും നിർമാണവും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.
ശത്രുക്കളുടെ ക്രൂസ് മിസൈലുകള്‍, സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ എന്നിവയെ 250 കിലോ മീറ്റർ ദൂരെനിന്നുതന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ‘കുശ’യ്ക്ക് സാധിക്കും.
മാത്രമല്ല, വ്യോമാക്രമണങ്ങളെ മുൻകൂട്ടികണ്ട് പ്രതിരോധിക്കാൻ മുന്നറിയിപ്പ് നല്‍കുന്ന എയർബോണ്‍ ഏർലി വാണിങ് സംവിധാനമുള്‍പ്പെടുന്ന വിമാനങ്ങളെ 350 കിലോ മീറ്റർ ദൂരെനിന്ന് തന്നെ തിരിച്ചറിയാൻ ‘കുശ’യ്ക്ക് സാധിക്കും.
നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് 80 ശതമാനത്തിന് മുകളിലാണ് കാര്യക്ഷമത. വ്യോമാക്രമണങ്ങളില്‍ നിന്ന് 80 ശതമാനത്തിന് മുകളില്‍ പ്രതിരോധം ഉറപ്പ് വരുത്താൻ സാധിക്കും.
ഒരു ലക്ഷ്യത്തിനെ ഒറ്റ മിസൈല്‍ കൊണ്ട് തന്നെ ഇത്തരത്തില്‍ പ്രതിരോധിക്കാനാകും. ഒരേസമയം രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണെങ്കില്‍ വിജയസാധ്യത 90 ശതമാനത്തിന് മുകളിലേക്ക് ഉയരും.
‘കുശ’യുടെ നാവിക പതിപ്പും വികസനത്തിന്റെ പാതയിലാണ്. ഇതിന് പരമാവധി 250 കിലോ മീറ്റർ ദൂരെനിന്നുള്ള കപ്പല്‍വേധ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നുള്ള പരിരക്ഷ ഉറപ്പുവരുത്താനാകും.