ന്യൂഡൽഹി: നിലവിലെ സബ്സിഡി അവസാനിക്കുന്ന മുറയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) സബ്സിഡി നൽകുന്ന രീതി അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. നിലവിലെ ആനുകൂല്യത്തിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇനി സബ്സിഡി ആവശ്യമില്ലെന്ന് ഇവി നിർമാതാക്കൾ ഇന്നലെ നടന്ന യോഗത്തിൽ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടതായി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്തെ ഇലക്ട്രിക് വിപണി കുതിപ്പിന് സജ്ജമാണ്, നിലവിലുള്ള സബ്സിഡി ഇതിനു പര്യാപ്തമാണ്. അതുകൊണ്ട് പുതിയ സബ്സിഡി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് ശേഷം ആദ്യമായാണ് മറ്റൊരു കേന്ദ്രമന്ത്രി ഇതേ നിലപാട് സ്വീകരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇക്കഴിഞ്ഞ ഒക്ടോബർ 1 മുതൽ ‘പിഎം ഇ–ഡ്രൈവ്’ എന്ന പദ്ധതി പ്രകാരമാണ് സബ്സിഡി നൽകുന്നത്. 2026 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ഇതിനു ശേഷം കേന്ദ്ര സബ്സിഡി തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2015ലാണ് ‘ഫെയിം’ എന്ന പേരിൽ 2 ഘട്ടങ്ങളായി സബ്സിഡി അനുവദിച്ചിരുന്നത്. ഇതിന്റെ മൂന്നാം പതിപ്പാണ് പിഎം–ഇ–ഡ്രൈവ്. മൂന്നാം ഘട്ടത്തിൽ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. പിഎം ഇ–ഡ്രൈവിൽ സബ്സിഡിക്കായി നീക്കിവച്ചിരിക്കുന്ന തുകയിലും കുറവ് വരുത്തിയിരുന്നു. ഇവി നിർമാതാക്കൾക്ക് ഇനി സബ്സിഡി നൽകേണ്ടതില്ലെന്ന് സെപ്റ്റംബറിൽ ഗഡ്കരി പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഉൽപാദനച്ചെലവ് കുറയുകയും ഉപയോക്താക്കൾ സ്വന്തം താൽപര്യപ്രകാരം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുകയും ചെയ്തു തുടങ്ങുന്നതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നും ഗഡ്കരി അന്ന് വിശദീകരിച്ചിരുന്നു. പരാമർശം വിവാദമായതോടെ ആനുകൂല്യങ്ങൾക്ക് താൻ എതിരല്ലെന്നും ഹെവി ഇൻഡസ്ട്രീസ് മന്ത്രിക്ക് ബോധ്യപ്പെട്ടാൽ സബ്സിഡി നൽകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.