
രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പന്ന കയറ്റുമതിക്ക് നിർണായക മുന്നേറ്റം നൽകി ഇന്ത്യ തദ്ദേശീയ നിർമിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനം അർമേനിയയിലേക്ക് കയറ്റുമതി ചെയ്യും.
മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, പീരങ്കികൾ, ഡ്രോണുകൾ എന്നിവയുടെ കയറ്റുമതിക്ക് പുറമേയാണ് വ്യോമ പ്രതിരോധ സംവിധാനം കൂടി ഈ നിരയിലേക്കെത്തുന്നത്.
അർമേനിയയുമായുള്ള ഇടപാട് 6,000 കോടി രൂപയുടേതാണ്. അർമേനിയക്ക് പുറമേ വിയറ്റ്നാമിലേക്കും ഫിലിപ്പീൻസിലേക്കും കയറ്റുമതി ചെയ്യുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിലും ആകാശ് വ്യോമ പ്രതിരോധ സംവിധാനം കയറ്റുമതി ചെയ്തിരുന്നു.
പക്ഷെ ഇറക്കുമതി ചെയ്ത രാജ്യത്തിന്റെ വിശദാംശങ്ങൾ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിരുന്നില്ല. മാർച്ചിൽ, 8,160 കോടി രൂപയ്ക്ക് വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയുടെ കരസേന വാങ്ങിയിരുന്നു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത, സിസ്റ്റത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പിന് ധാരാളം രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് 155 മില്യൺ ഡോളറിന്റെ ആർട്ടിലറി തോക്കുകൾക്കായി കരാർ ലഭിച്ചിരുന്നു. ഇതും അർമേനിയയിലെ ഉപയോക്താവിനായിരുന്നു.
തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നിലധികം രാജ്യങ്ങൾ ആകാശ് മിസൈൽ സംവിധാനം ഏറ്റെടുക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ, ബ്രസീൽ ഉൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങൾ, ഈജിപ്ത്, എന്നിവ ആകാശ് മിസൈൽ സംവിധാനം വാങ്ങുന്നതിനുള്ള ചർച്ചകളിലാണ്.
ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന മിസൈലുകൾ ഉൾപ്പെടുത്തി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഇടത്തരം ഉപരിതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് ആകാശ്.
ഈ മിസൈൽ സംവിധാനത്തിന് 45 കിലോമീറ്റർ അകലെയുള്ള, 18,000 മീറ്റർ വരെ ഉയരത്തിലുള്ള വിമാനങ്ങളെ വരെ ലക്ഷ്യമിടാൻ കഴിയും.
യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഉപരിതല മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവയെ നിർവീര്യമാക്കാനുള്ള കഴിവുണ്ട്.