
ന്യൂഡൽഹി: ഇന്ത്യയുടെ പകരച്ചുങ്കം ഒഴിവായേക്കുംകൊച്ചി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയേക്കും.
കരാർ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച പകരച്ചുങ്കം ഒഴിവാകാൻ സാദ്ധ്യതയേറി. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു. ജൂലായ് എട്ടിനാണ് ഈ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ബാധകമാണ്.
ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയ്ക്ക് ഉയർന്ന ഇറക്കുമതി തീരുവ കാര്യമായി ഇല്ലാത്തതിനാല്‍ അവരുമായി വിജയകരമായി വ്യാപാര കരാറിലെത്താനാകുമെന്നും സ്‌കോട്ട് ബസന്റ് കൂട്ടിച്ചേർത്തു.
തീരുവ ഇതര നിയന്ത്രണങ്ങളും രൂപയുടെ മൂല്യത്തിലെ ഇടപെടലുകളും സർക്കാർ സബ്സിഡികളും ഇന്ത്യയില്‍ തുലോം കുറവായതിനാല്‍ വ്യാപാര ധാരണയിലെത്താൻ വലിയ തടസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.