അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പരം സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മോദി എല്ലാ പിന്തുണയും അറിയിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്.
തുടർന്ന് ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് മോദിയെ സ്വീകരിച്ചു. അദ്ദേഹത്തെ അബുദാബിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
ഉഭയകക്ഷി വ്യാപാരത്തിന് രൂപയും ദിർഹവും ഉപയോഗിക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. മോദിയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും സാനിധ്യത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തി കാന്ത ദാസും ധാരണാപത്രം കൈമാറി.
ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും തമ്മിൽ ബന്ധിപ്പിക്കാനും ധാരണയായി. ഏതും വർഷങ്ങൾക്കിടെ ഉഭയകക്ഷി ബന്ധം വിവിധമേഖലകളിലേയ്ക്ക് വികസിച്ചെന്നും വ്യാപാരം 20 ശതമാനം വർധിച്ച് 8500 കോടി ഡോളറിൽ എത്തിയെന്നും മോദി ചൂണ്ടിക്കാട്ടി.
ജി– ട്വിന്റി ഉച്ചകോടിക്ക് മുൻപ് വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും അറിയിച്ചു.