മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡിന് വിരാട് കോഹ്‌ലി ഒപ്പമെത്തിയ, ഞായറാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തിൽ 44 ദശലക്ഷം ഓൺലൈൻ കാഴ്ചക്കാരുമായി ഡിസ്നി + ഹോട്ട്‌സ്റ്റാറും പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പുതിയ പീക്ക് കൺകറൻസി റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുന്ന ഔദ്യോഗിക സ്ട്രീമർ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ഉപയോക്താക്കൾക്ക് മത്സരങ്ങൾ സൗജന്യമായി നൽകുന്നതിന്റെ നേട്ടമാണ് കാണുന്നത്.
ഒക്‌ടോബർ 22ന് നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിന് 43 ദശലക്ഷം പീക്ക് കൺകറന്റ് കാഴ്‌ചക്കാർ ഉണ്ടായിരുന്നു. അത് ഒക്‌ടോബർ 14ലെ ഇന്ത്യ-പാക് മത്സരത്തിന്റെ പീക്ക് കൺകറൻസിയായ 35 ദശലക്ഷത്തെ മറികടന്നു.
ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ജൂണിൽ മൊബൈൽ ഉപയോക്താക്കൾക്ക് 2023 ഏഷ്യാ കപ്പിലേക്കും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലേക്കും സൗജന്യ ആക്‌സസ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് സമ്പന്നമായ ലാഭവിഹിതം നൽകുന്നതായി കാണാം. കാരണം അത് അവരുടെ സ്വന്തം റെക്കോർഡ് തകർത്തു മുന്നേറുകയാണ്.
ക്രിക്കറ്റ് ലോകകപ്പിന് മുമ്പ്, ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫൈനലിലേക്ക് 32 ദശലക്ഷം ആളുകളെ ആകർഷിച്ച, പീക്ക് കൺകറൻസിയുടെ റെക്കോർഡ് ജിയോസിനിമ സ്ഥാപിച്ചിരുന്നു.
എവിടെയായിരുന്നാലും മത്സരങ്ങൾ കാണാനുള്ള സൗകര്യം അനുവദിക്കുന്നതിനാൽ സ്ട്രീമിംഗ് വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമ വിദഗ്ധർ വിശ്വസിക്കുന്നു. സ്‌മാർട്ട്‌ഫോൺ വ്യാപനം വർദ്ധിക്കുന്നത്, ക്രിക്കറ്റിനായുള്ള ഡിജിറ്റൽ വ്യൂവർഷിപ്പ് കൂടുതൽ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകകപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനായുള്ള മൊത്തം കാഴ്ചക്കാരുടെ എണ്ണം ആദ്യ 26 മത്സരങ്ങളിൽ 400 ദശലക്ഷം കവിഞ്ഞതായി ഡിസ്നി സ്റ്റാർ അവകാശപ്പെട്ടു.