ദില്ലി: കറൻസി പ്രശ്‌നങ്ങൾ നേരിടുന്ന രാജ്യങ്ങളുമായി അന്താരാഷ്ട്ര വ്യാപാര ഉടമ്പടി രൂപീകരിക്കാൻ ഇന്ത്യ ജി20 പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ.
രൂപയുടെ വ്യാപാരം വർധിപ്പിക്കാൻ ജി 20 സമ്മേളനം ഉപയോഗിക്കാനാണോ ഇന്ത്യ പദ്ധതിയിടുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജി 20 അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഫോറമാണ്, കൂടാതെ എല്ലാ പ്രധാന അന്താരാഷ്ട്ര സാമ്പത്തിക വിഷയങ്ങളിലും നിർണായക തീരുമാനമെടുക്കുന്നത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ഇന്ത്യയാണ്.
മാർച്ച് 14 ന് പാർലമെന്റിൽ അവതരിപ്പിച്ച ഡാറ്റ പ്രകാരം, 18 രാജ്യങ്ങളിൽ നിന്നുള്ള കറസ്പോണ്ടന്റ് ബാങ്കുകളുടെ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) തുറക്കുന്നതിന് 60 കേസുകളിൽ ആഭ്യന്തര, വിദേശ അംഗീകൃത ഡീലർ ബാങ്കുകളെ ആർബിഐ അംഗീകരിച്ചിട്ടുണ്ട്.
ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്താണ് വോസ്ട്രോ അക്കൗണ്ടുകൾ
നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെ വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നു.
ഈ വർഷം ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്.
ഈ സംവിധാനത്തിന് കീഴിൽ, ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും നടക്കുക.