
മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 54.13 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 59085.43 ലെവലിലും നിഫ്റ്റി 27.50 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 17605 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 2076 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1259 ഓഹരികള്‍ നഷ്ടം വരിച്ചു.
131 ഓഹരിവിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ബിപിസിഎല്‍, ടാറ്റസ്റ്റീല്‍, ഡിവിസ് ലാബ്‌സ്, സണ്‍ ഫാര്‍മ, ടിസിഎസ് എന്നിവ നഷ്ടം നേരിട്ടു.
മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബാങ്ക്, മൂലധന ഉപകരണം, ലോഹം എന്നിവ അരശതമാനവും റിയാലിറ്റി 1 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് എന്നിവ അര ശതമാനം വീതം ശക്തിയാര്‍ജ്ജിച്ചു. ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതായി ജിയോജിത്ത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
ഡിമാന്റ് കുറവിനെ തുടര്‍ന്ന് യു.എസ് സമ്പദ് വ്യവസ്ഥ സങ്കോചിച്ചതായി വാര്‍ത്തവന്നിരുന്നു. സേവന മേഖലയാണ് കടുത്ത തിരിച്ചടി നേരിട്ടത്. ഊര്‍ജ്ജപ്രതിസന്ധിയിലും വളര്‍ച്ചക്കുറവിലും നട്ടം തിരിയുകയാണ് യൂറോപ്പ്.
ഈ സാഹചര്യത്തില്‍ സ്വിസ് എസ്എംഇ ഒഴിച്ചുള്ള യൂറോപ്യന്‍ സൂചികകളെല്ലാം കൂപ്പുകുത്തി. ഏഷ്യയില്‍ സിഡ്‌നി എസ്ആന്റ്പി എഎസ്എക്‌സ്, കൊറിയന്‍ കോസ്പി, ഇന്തോനേഷ്യന്‍ ഐഡിഎക്‌സ്, നിഫ്റ്റി എന്നിവ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്.