
വ്യാപാര നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ പരോക്ഷ തുറമുഖങ്ങൾ വഴി പ്രതിവർഷം 85,000 കോടി രൂപയിൽ കൂടുതൽ (10 ബില്യൺ ഡോളർ) വിലവരുന്ന സാധനങ്ങൾ പാകിസ്ഥാനിലേക്ക് അയയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാമ്പത്തിക തിങ്ക് ടാങ്ക് ജിടിആർഐയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ കമ്പനികൾ അവരുടെ സാധനങ്ങൾ വിദേശ തുറമുഖങ്ങളിലേക്ക് അയക്കും. ഇവിടെ ബോണ്ടഡ് വെയർഹൗസുകളിലേക്ക് സാധനങ്ങൾ മാറ്റുന്ന ജോലി മറ്റ് സ്വതന്ത്ര ഏജൻസികൾക്കാണ്.
പിന്നീട് അവരാണ് ഈ ഉൽപ്പന്നങ്ങൾ പാകിസ്ഥാനിലേക്ക് കയറ്റി അയക്കുന്നതെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) വിശദീകരിക്കുന്നു.
പാകിസ്ഥാനും ഇന്ത്യക്കുമിടയിൽ നേരിട്ട് വ്യാപാരം സാധ്യമല്ലാത്തതിനാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ യു.എ.ഇയിലും മറ്റും എത്തിച്ച് മെയ്‌ഡ് ഇൻ യുഎഇ സ്റ്റിക്കർ പതിപ്പിച്ച ശേഷം പാകിസ്ഥാനിലെത്തിച്ച് വിൽക്കുന്നതായും റിപ്പോർട്ട് പറയുന്നു.
സാധനങ്ങൾ ഉയർന്ന വിലയ്ക്കാണ് പാകിസ്ഥാനി വിൽക്കുന്നതെന്നും അതിന് കാരണം ഈ വളഞ്ഞ വഴിയിലെ ഭാരിച്ച ചെലവുകളാണെന്നും ജിടിആർഐ ചൂണ്ടിക്കാട്ടുന്നു.
പ്രതിവർഷം 10 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ ഇന്ത്യയിലെത്തുന്നുണ്ട്. 2024-25 ഏപ്രിൽ-ജനുവരി കാലയളവിൽ പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 447.65 മില്യൺ ഡോളറായിരുന്നുവെന്ന് ഏജൻസി റിപ്പോർട്ട് പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അട്ടാരി, വാഗ ചെക്പോസ്റ്റുകൾ അടച്ചതോടെ വ്യാപാര ബന്ധത്തിലും വിള്ളൽ വീണു.
സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറാനുള്ള ഇന്ത്യൻ തീരുമാനത്തിന് പിന്നാലെ വിദേശ തുറമുഖങ്ങൾ വഴി പോലും ഇന്ത്യൻ ഉൽപ്പന്നങ്ങൾ പാകിസ്ഥാനിലെത്തുന്നത് തടയുമെന്നാണ് പാക് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.