ഇന്ത്യൻ റിന്യൂവബിൾ കമ്പനിയായ ഗ്രീൻകോ എനർജി ഹോൾഡിംഗ്സിന്റെ സ്ഥാപകരുടെ ഉടമസ്ഥതയിലുള്ള ഹൈഡ്രജൻ, അമോണിയ നിർമ്മാതാക്കളായ എഎം ഗ്രീൻ, ബസ്സിനെസ്സിന്റെ ഉയർച്ചക്കായി ഏകദേശം 1 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുകയാണ്.
ഗ്രീൻ ഹൈഡ്രജനും മറ്റ് രാസ സംയുക്തങ്ങളും ഉത്പാദിപ്പിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനായി ഫണ്ട് ഉപയോഗിക്കും . പ്രതിവർഷം ഒരു ദശലക്ഷം ടൺ ഗ്രീൻ മെഥനോൾ ശേഷി നിർമ്മിക്കാനാണ് എഎം ഗ്രീൻ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് ജിഐസി പിടിഇയും , പെട്രോനാസ് നാഷനൽ ബിഎച്ച്ഡിയുടെ പുനരുപയോഗ ഊർജ വിഭാഗവും എഎം ഗ്രീൻ അമോണിയ ഹോൾഡിംഗ്സിൽ നിക്ഷേപം പ്രഖ്യാപിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗ്രീൻ അമോണിയയും ഹൈഡ്രജനും വരും വർഷങ്ങളിൽ വൈദ്യുതി ഉൽപ്പാദനം, ഷിപ്പിംഗ്, എണ്ണ ശുദ്ധീകരണം, രാസവസ്തുക്കൾ, വളം, സ്റ്റീൽ തുടങ്ങിയ വ്യവസായങ്ങളിൽ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്രോതസ്സുകളിൽ നിന്ന് പുനരുൽപ്പാദിപ്പിക്കാവുന്ന ഗ്രീൻ മെഥനോൾ, ഗതാഗതത്തെ ഡീകാർബണൈസ് ചെയ്യാൻ ഉപയോഗിക്കാവുന്ന കാലാവസ്ഥാ സൗഹൃദ ഊർജ സ്രോതസ്സായി കാണുന്നു. വ്യാവസായിക രാസവസ്തുക്കളുടെ ഒരു ശ്രേണി നിർമ്മിക്കുന്നതിനുള്ള കുറഞ്ഞ കാർബൺ ഫീഡ്സ്റ്റോക്കായും ഇത് ഉപയോഗിക്കാം.
അനിൽ ചലമലസെറ്റിയും മഹേഷ് കൊല്ലിയും ചേർന്ന് സ്ഥാപിച്ച എഎം ഗ്രീൻ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, ജൈവ ഇന്ധനങ്ങൾ, ഗ്രീൻ കാസ്റ്റിക് സോഡ, ഇ-മെഥനോൾ എന്നിവയുൾപ്പെടെയുള്ള തന്മാത്രകളുടെ ഉൽപ്പാദന ശേഷി വികസിപ്പിക്കുകയാണെന്ന് അറിയിപ്പിൽ പറയുന്നു.