
ന്യൂഡല്‍ഹി: ജൂലൈ 29 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 2.315 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 573.875 ബില്യണ്‍ ഡോളറായി. ശേഖരത്തിലെ എല്ലാ ഘടകങ്ങളും ഉയര്‍ന്നപ്പോള്‍ സ്വര്‍ണ്ണം കറന്‍സികളെ കടത്തിവെട്ടി. 573.875 ബില്യണ്‍ ഡോളറാണ് ജൂലൈ 29 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം.
പ്രതിവാര സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2.315 ബില്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയാണ് ശേഖരത്തിലുണ്ടായത്. ജൂലൈ 22 ന് അവസാനിച്ച ആഴ്ചയില്‍ 1.152 ബില്യണ്‍ ഡോളറിന്റെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി ഈയാഴ്ച 511.257 ബില്യണ്‍ ഡോളറിലെത്തി.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് 1.121 ബില്യണ്‍ ഡോളറിന്റെ വര്‍ധന. സ്വര്‍ണ്ണ ശേഖരം 1.140 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 39.642 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ 22 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.985 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 4.991 ബില്യണ്‍ ഡോളറിലുമാണുള്ളത്. 145 മില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണ വര്‍ധനവ് മാത്രമായിരുന്നു കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് 31 മില്യണ്‍ ഡോളര്‍ ഉയര്‍ച്ചയാണ് ഐഎംഎഫ് കരുതല്‍ ശേഖരത്തിലുണ്ടായത്. ഓഗസ്റ്റില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) നിക്ഷേപവും ഉയര്‍ന്നു. എന്‍എസ്ഡിഎല്ലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം,14,175 കോടി രൂപയാണ് ഓഹരി വിപണിയിലെ വിദേശ നിക്ഷേപം. ജൂലൈയില്‍ ഇത് 4,989 കോടി രൂപയായിരുന്നു.
അതേസമയം, രൂപയെ സംരക്ഷിക്കാന്‍ ഇന്റര്‍ബാങ്ക് ഫോറെക്‌സ് വിപണിയിലെടുക്കേണ്ട പുതിയ നടപടികള്‍ വെള്ളിയാഴ്ച ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ ഫോറെക്‌സ് കരുതല്‍ ശേഖരം അസ്ഥിരമാണ്.
.