
മുംബൈ: ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) ഗുജറാത്തിലെ തങ്ങളുടെ കാൽപ്പാടുകൾ ശക്തിപ്പെടുത്തുന്നതിനായി ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പ്രോജക്ടുകളിലെ വളർച്ചാ സാധ്യതകൾ പരിശോധിക്കുന്നു. അടുത്തിടെ അഹമ്മദാബാദിൽ 111 മുറികളുള്ള ഹോട്ടൽ തുറന്ന ഐഎച്ച്‌സിഎല്ലിന് ഗുജറാത്തിൽ പ്രവർത്തനത്തിനുള്ള 15 ഹോട്ടലുകൾ ഉൾപ്പെടെ മൊത്തം 19 പ്രോപ്പർട്ടികളുണ്ടെന്ന് ഐഎച്ച്‌സിഎൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു പിടിഐയോട് പറഞ്ഞു.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന എല്ലാ പ്രോപ്പർട്ടികളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് അവർ പറഞ്ഞു. ഗുജറാത്തിൽ കമ്പനിക്ക് എട്ട് നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ഇതിന് പുറമെ സംസ്ഥാനത്ത് കൂടുതൽ വിപുലീകരണത്തിന് കമ്പനി തയ്യാറെടുക്കുകയാണ്. വളർച്ചാ അവസരങ്ങൾ പ്രദാനം ചെയ്യുന്ന പുതിയ ഉപഗ്രഹ നഗരങ്ങളും വ്യാവസായിക കേന്ദ്രങ്ങളും സംസ്ഥാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഗുജറാത്തിന് പുറമെ രാജസ്ഥാനിലും കർണാടകയിലുമായി ഐഎച്ച്‌സിഎല്ലിന് 19 പ്രോപ്പർട്ടികളുണ്ട്. തങ്ങളുടെ നാല് ബ്രാൻഡുകൾക്കും ഗുജറാത്തിൽ അവസരങ്ങളുണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി ദീപിക റാവു പറഞ്ഞു. മൊത്തത്തിൽ, ഹോസ്പിറ്റാലിറ്റി കമ്പനിക്ക് നിലവിൽ 242 ഹോട്ടലുകളുണ്ട്, അതിൽ 179 എണ്ണം പ്രവർത്തനക്ഷമവും 63 എണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്.