മുംബൈ: മഹാരാഷ്ട്രയിലെ ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ ഹ്യൂം പൈപ്പ് കമ്പനിക്ക് പുതിയ ഓർഡർ ലഭിച്ചു. 194.03 കോടി രൂപയാണ് നിർദിഷ്ട ഓർഡറിന്റെ മൂല്യം. ഓർഡർ വിജയത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 8.51% ഉയർന്ന് 179.10 രൂപയിലെത്തി.
സംസ്ഥാനത്തെ 150 ഗ്രാമങ്ങളിലെ പ്രാദേശിക ഗ്രാമീണ ജലവിതരണ പദ്ധതിക്കായി ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ മഹാരാഷ്ട്ര ജീവൻ പ്രധികരൻ ഡിവിഷനിൽ നിന്നാണ് ഈ ഓർഡർ ലഭിച്ചത്. കരാർ പ്രകാരം 12 മാസത്തേക്ക് ട്രയൽ റൺ നടത്തി 24 മാസത്തിനകം പദ്ധതി പൂർത്തിയാക്കണം.
പൈപ്പ് ലൈനുകളുടെ നിർമ്മാണം, സ്ഥാപിക്കൽ, ജോയിന്റിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യൻ ഹ്യൂം പൈപ്പ് കമ്പനി. കൂടാതെ സംയോജിത ജലവിതരണ പദ്ധതികളുടെ ടേൺകീ അടിസ്ഥാനത്തിലുള്ള നിർവ്വഹണത്തിലൂടെ അടിസ്ഥാന സൗകര്യ വികസന പരിപാടികളും കമ്പനി ഏറ്റെടുത്തു നടത്തുന്നുണ്ട്.