ചെന്നൈ: തുകല്‍, പാദരക്ഷ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വര്‍ധിച്ച് 5.3 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് സിഎല്‍ഇ ചെയര്‍മാന്‍. പ്രധാന ആഗോള വിപണികളിലെ ആരോഗ്യകരമായ ഡിമാന്‍ഡാണ് ഇതിനു കാരണമെന്ന് ചെയര്‍മാന്‍ രാജേന്ദ്ര കുമാര്‍ ജലന്‍ പറഞ്ഞു. യുഎസില്‍ നിന്നുള്‍പ്പെടെ നിരവധി ആഗോള കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അതീവ താല്‍പര്യം കാണിക്കുന്നുണ്ട്. ‘2023-24 ല്‍ കയറ്റുമതി 4.69 ബില്യണ്‍ ഡോളറായിരുന്നു, ഈ സാമ്പത്തിക വര്‍ഷം ഇത് 5.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് മേഖല പ്രതീക്ഷിക്കുന്നു. വരും മാസങ്ങളിലെ ഓര്‍ഡര്‍ ബുക്കുകള്‍ മികച്ചതാണ്,’ ജലന്‍ പറഞ്ഞു, ‘യുഎസില്‍ നിന്ന് വന്‍ ഡിമാന്‍ഡ് വരുന്നുണ്ട്. ഒപ്പം യുകെയില്‍നിന്നും’.
ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ആഫ്രിക്കയിലും ബിസിനസ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മേഖല 42 ലക്ഷം പേര്‍ക്ക് തൊഴിൽ നല്‍കുന്നതാണ്. മേഖലയുടെ മൊത്തം വിറ്റുവരവ് ഏകദേശം 19 ബില്യണ്‍ ഡോളറാണ്, അതില്‍ 5 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി ഉള്‍പ്പെടുന്നു. ‘2030 ഓടെ ഈ മേഖലയ്ക്ക് മൊത്തം വിറ്റുവരവ് 47 ബില്യണ്‍ ഡോളറിലെത്താന്‍ കഴിയും. അതില്‍ ആഭ്യന്തര ഉല്‍പ്പാദനം 25 ബില്യണ്‍ ഡോളറും കയറ്റുമതി വിറ്റുവരവ് 13.7 ബില്യണ്‍ ഡോളറും ആയിരിക്കും,’ ജലന്‍ പറഞ്ഞു.
ഉല്‍പ്പാദന-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) ഈ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കാരണം ഇത് 47 ബില്യണ്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കാനും ഏകദേശം 7-8 ലക്ഷം പേര്‍ക്ക് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കും. ഇന്ത്യന്‍ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികള്‍ ആരോഗ്യകരമായ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ഈ മേഖലയെ കുറിച്ച് സംസാരിച്ച കാണ്‍പൂര്‍ ആസ്ഥാനമായുള്ള ഗ്രോമോര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എംഡി യാദ്വേന്ദ്ര സിംഗ് സച്ചന്‍ പറഞ്ഞു. ആഗോള, ആഭ്യന്തര വിപണികളില്‍ ഇന്ത്യന്‍ തുകല്‍ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതുണ്ടെന്ന് സച്ചന്‍ അഭിപ്രായപ്പെട്ടു. വ്യവസായത്തിന് മതിയായ വിദഗ്ധ തൊഴിലാളികള്‍ക്കും ഡിസൈന്‍ വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.