ന്യൂഡല്‍ഹി: ഇന്ത്യന്‍ കലണ്ടര്‍ വര്‍ഷം സംവത് 2079 ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് വിദഗ്ധര്‍. ശക്തമായ കോര്‍പറേറ്റ് വരുമാനത്തിന്റെ പിന്‍ബലത്തില്‍ ആഗോള വിപണികളെ വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ ഈവര്‍ഷവും ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കാകും. 2023 ല്‍ കോര്‍പറേറ്റ് ലാഭം 20 ശതമാനത്തിലധികം വളരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒക്ടോബര്‍ 24 നാണ് പുതു കലണ്ടര്‍വര്‍ഷമായ സംവത് 2079 തുടങ്ങുന്നത്.
ആരോഗ്യകരമായ ജിഎസ്ടി ശേഖരണം, ഏഷ്യന്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ച, സാധാരണ മണ്‍സൂണ്‍, ശക്തമായ വരുമാനം തുടങ്ങിയ ഘടകങ്ങള്‍ പുതുവര്‍ഷത്തില്‍, വിപണിയ്ക്ക് ഗുണം ചെയ്യുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അനലിസ്റ്റുകള്‍ പറയുന്നു.
ജിയോജിത്ത് റിസര്‍ച്ച് തലവന്‍, വിനോദ് നായരുടെ അഭിപ്രായത്തില്‍ ശക്തമായ സേവന ദാതാക്കള്‍, അവശ്യവസ്തുക്കളുടെ വാണിജ്യം, ഉയര്‍ന്ന വളര്‍ച്ചാ സൈക്കിളിലുള്ള കമ്പനികള്‍, അസംസ്‌കൃത വസ്തുക്കളുടെ സ്ഥിരമായ ഉറവിടം (വിതരണ പ്രശ്നമില്ല) തുടങ്ങിയവയാണ് വിപണിയെ നേട്ടത്തിലേയ്ക്ക് നയിക്കുക.
വായ്പാ വളര്‍ച്ച സ്വകാര്യ മൂലധന ചെലവിനെ പുനരുജ്ജീവിപ്പിക്കും. അതേസമയം ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഏഷ്യ യൂറോപ്പ് സാമ്പത്തിക മാന്ദ്യം എന്നിവ വെല്ലുവിളി ഉയര്‍ത്തും. സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 1.89 ശതമാനവും 2.59 ശതമാനവും നഷ്ടത്തിലായെങ്കിലും കനത്ത തകര്‍ച്ച അതിജീവിക്കാന്‍ സംവത് 2078-ല്‍ സൂചികകള്‍ക്കായിരുന്നു.
31 ശതമാനം തകര്‍ച്ച നേരിട്ട എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയേയും 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയ എംഎസ്സിഐ എസിഡബ്ല്യുഐയേയും അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇന്ത്യയുടേത്.