ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ബിയറിഷ് ട്രെന്‍ഡിനാണ് ഇന്ത്യന്‍ വിപണികള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. 2021 ഒക്ടോബറില്‍ തുടങ്ങിയ തകര്‍ച്ച ഇപ്പോള്‍ ഏഴാം മാസത്തിലും തുടരുന്നു. എന്നാല്‍ ക്രമാനുഗതമായ പതനമാണ് സൂചികകള്‍ അടിയാളപ്പെടുത്തുന്നത്.
ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണി ഇപ്പോഴും ബെയര്‍ മാര്‍ക്കറ്റായിട്ടില്ല. അതിന് ഏറ്റവും ഉയരത്തില്‍ നിന്നും 20 ശതമാനം ഇടിവ് രേഖപ്പെടുത്തണം. എന്നാല്‍ പതനം പതുക്കെയായതിനാലാണ് വിപണി ഇപ്പോഴും കരടികളുടെ കൈയ്യിലെത്താത്തതെന്ന് വിദഗ്ധര്‍ പറയുന്നു. 20 ശതമാനം പതനം ഒഴിച്ചുകൂടാനാത്തതാണ്. അടുത്തുതന്നെ വിപണി കരടികളുടെ കൈയ്യിലകപ്പെടും, വിദഗ്ധര്‍ പറഞ്ഞു.
നിഫ്റ്റി നിലവില്‍ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഎല്‍എസ്എ യുടെ റിപ്പോര്‍ട്ട് പ്രകാരം 2021 ഒക്ടോബര്‍ മുതല്‍ ഇതുവരെ 19 തിരുത്തലുകളാണ് വരുത്തിയത്. മുപ്പതുവര്‍ഷത്തിനിടയില്‍ സൂചികയ്ക്ക് സംഭവിച്ച ഇടിവുകളില്‍ ഏഴാം സ്ഥാനത്താണ് വലിപ്പത്തിന്റെ കാര്യത്തില്‍ ഇപ്രാവശ്യത്തേത്.
മറ്റൊരു സവിശേഷത നിഫ്റ്റി ഇതുവരെ ആഗോളവിപണികളുടെ അത്ര തകര്‍ച്ച വരിച്ചില്ല എന്നാണ്. മുപ്പതുവര്‍ഷത്തിനിടെ 16 ഇടിവ് സംഭവിച്ച നാളുകളിലും 18 ഇടിവ് സംഭവിച്ച നാളുകളിലും നിഫ്റ്റി തകര്‍ച്ചയില്‍ എസ്ആന്റ പിയെ കടത്തിവെട്ടിയിരുന്നു. എന്നാല്‍ ഇത്തവണ ആഗോള സൂചികകളുടെ അത്ര ഇടിവ് ഇന്ത്യന്‍ സൂചിക രേഖപ്പെടുത്തിയില്ല. തകരുമ്പോഴും ആഗോള സൂചികകളെ വെല്ലുന്ന പ്രകടനം നിഫ്റ്റി കാഴ്ചവയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.