മുംബൈ: പ്രകടനമികവില്‍ ഇന്ത്യന്‍ വിപണികള്‍ ആഗോള എതിരാളികളെ മറികടന്നു. പോസിറ്റീവ് മാക്രോ ഇക്കണോമിക് സൂചകങ്ങള്‍, എഫ്‌ഐഐ നിക്ഷേപം, ആകര്‍ഷകമായ മൂല്യം നിര്‍ണ്ണയം എന്നിവയുടെ പിന്‍ബലത്തിലായിരുന്നു റാലി. സെന്‍സെക്‌സും നിഫ്റ്റിയും ഏപ്രിലില്‍ 3.6 ശതമാനവും 4.06 ശതമാനവുമാണ് നേട്ടം കൈവരിച്ചത്.
എസ് ആന്‍ഡ് പി 500 1.46 ശതമാനം, നാസ്ഡാക് കോമ്പോസിറ്റ് 0.04 ശതമാനം, സിഎസി 2.31 ശതമാനം, ഡാക്‌സ് 1.88 ശതമാനം, കോസ്പി 1 ശതമാനം, നിക്കി 225 3 ശതമാനം, ഷാങ്ഹായ് കോമ്പോസിറ്റ് 1.5 ശതമാനം, എഫ്ടിഎസ്ഇ 100, ഡൗ ജോണ്‍സ്, ഇബോവെസ്പ 2 ശതമാനം എന്നിങ്ങനെയാണ് ആഗോള വിപണികളുടെ നേട്ടം. തായ്വാനും ഹാങ് സെങും യഥാക്രമം 1.8 ശതമാനവും 2.5 ശതമാനവും ഇടിഞ്ഞു. വിദേശ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏപ്രിലില്‍ 1.13 ബില്യണ്‍ ഡോളറിന്റെ വാങ്ങലാണ് നടത്തിയത്.
ഉപഭോക്തൃ വില പണപ്പെരുപ്പത്തിലെ ഇടിവും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ദ്ധനവ് നിര്‍ത്തിവച്ചതും ഉള്‍പ്പെടെ മാക്രോ ഇക്കണോമിക് അവസ്ഥകളും തുണയായി.ഏപ്രിലില് 1.87 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) വഴി സര്‍ക്കാര്‍ പിരിച്ചെടുത്തത്. ഒരു വര്‍ഷം മുമ്പ് സമാഹരിച്ച 1.68 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതല്‍.
സേവന മേഖല മാര്‍ച്ചില്‍ വികസിച്ചെങ്കിലും, ഫെബ്രുവരിയിലെ 59.4 ല്‍ നിന്ന് 57.8 ആയി ചുരുങ്ങി.