ഇന്ത്യ-റഷ്യ വ്യാപാര ബന്ധത്തിൽ പണ്ട് കാലത്ത് ക്രൂഡ് ഓയിലിന് വലിയ സ്ഥാനമില്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. റഷ്യ – യുക്രൈൻ യുദ്ധം ആരംഭിച്ചതോടെ പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ തിരിഞ്ഞു.
റഷ്യൻ ഇന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഈ അവസരം ഇന്ത്യ, ചൈന അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ ഉപയോഗപ്പെടുത്തി. ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ ഇന്ധനം വാങ്ങിക്കൂട്ടി.
ഇത്തരത്തിൽ 2022 ഏപ്രിൽ മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ ഏകദേശം 10.5 ബില്യൺ ഡോളർ ലാഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പല രാജ്യങ്ങളും ഊർജ്ജ പ്രതിസന്ധന നേരിടുമ്പോൾ വലിയ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ സഹായകമായതായി കഴിഞ്ഞ വാരം റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇന്ധന വ്യാപാരം ആഗോളതലത്തിൽ ഊർജ്ജ വിപണിക്ക് സ്ഥിരത പ്രദാനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2022 ഫെബ്രുവരി മുതലാണ് പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനത്തിന് ഉപരോധം കൊണ്ടു വന്നത്. ഇതേ തുടർന്ന് തങ്ങളുടെ ഇന്ധനം ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് നൽകാൻ റഷ്യ നിർബന്ധിതമാവുകയായിരുന്നു.
ഇതേത്തുടർന്ന് വലിയ ഡിസ്കൗണ്ടിൽ ലഭിച്ച റഷ്യൻ ഓയിൽ ഇന്ത്യ പരമാവധി വാങ്ങിക്കൂട്ടി. പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഇന്ധന ഇറക്കുമതി നടത്തുന്ന സൗദി അറേബ്യ, ഇറാൻ, ഇറാഖ് തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളേക്കാൾ കൂടുതൽ ക്രൂഡ് ഓയിലാണ് ഇത്തരത്തിൽ ഇന്ത്യയിലേക്കെത്തിയത്.
കാലക്രമേണ, റഷ്യൻ ഇന്ധനത്തിന്റെ ഡിസ്കൗണ്ട് കുറഞ്ഞു വരുന്ന പ്രവണതയുമുണ്ടായി. നിലവിൽ തീരെ കുറഞ്ഞ വിലക്കിഴിവ് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴും, ലഭ്യമായതിൽ ഏറ്റവും വിലക്കുറവുളള ഇന്ധനം റഷ്യൻ ക്രൂഡ് ആയതിനാൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യമാണ്.