ഇന്ത്യയിലെ പ്രധാന എണ്ണക്കമ്പനികൾ ബ്രസീലിലെ പ്രമുഖ ഓയിൽ കമ്പനിയായ പെട്രോബാസുമായി (Petroleo Brasileiro SA) പങ്കാളിത്തത്തിന് ഒരുങ്ങുന്നു.
രാജ്യത്തെ മുൻനിര എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL), ഭാരത് പെട്രോളിയം (BPCL) എന്നീ കമ്പനികളാണ് ബ്രസീലിയൻ കമ്പനിയുമായി ചർച്ചകൾ നടത്തുന്നത്.
ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രൂഡ് ഓയിൽ സപ്ലൈ സംബന്ധിച്ച് സഹകരണമുണ്ടാക്കുകയാണ് ലക്ഷ്യം. ഊർജ്ജ ഉറവിടങ്ങൾ വൈവിദ്ധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം.
ഇന്ത്യൻ എണ്ണക്കമ്പനികളുടെ പ്രതിനിധികൾ കഴിഞ്ഞ ഏപ്രിൽ മുതൽത്തന്നെ പെട്രോബാസുമായി ഈ വിഷയം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരതയോടെയുള്ള ക്രൂഡ് ഓയിൽ സപ്ലൈ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
ബ്രസീലിയൻ ക്രൂഡ് ഓയിൽ തങ്ങളുടെ എണ്ണശുദ്ധീകരണ ശാലയിൽ ടെസ്റ്റ് ചെയ്യുന്ന നടപടികൾ BPCL ആരംഭിച്ചിട്ടുണ്ട്. അന്തിമ കരാർ വൈകാതെ നടപ്പാകുമെന്നാണ് സൂചന.
2022 വർഷത്തിൽ റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ പെട്രോബാസുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടുമുണ്ട്. വാർഷികാടിസ്ഥാനത്തിൽ 1.7 മില്യൺ മെട്രിക് ടൺ ഓയിൽ സപ്ലൈ നടത്തുന്ന കരാറിലാണ് ഇന്ത്യൻ ഓയിൽ, BPCL എന്നിവർ ഏർപ്പെട്ടിരിക്കുന്നത്.
ഭാരത് പെട്രോ റിസോഴ്സസ്, BPCL ന്റെ സബ്സിഡിയറി കമ്പനിയാണ്. ഈ കമ്പനിയിലൂടെ ബ്രസീലിലെ അൾട്ര ഡീപ് വാട്ടർ ഹൈഡ്രോകാർബൺ ബ്ലോക്ക് സംബന്ധിച്ച മറ്റൊരു കരാറും നിലവിലുണ്ട്.
ഇന്ത്യയുടെ ഊർജ്ജ മേഖലയും ബ്രസീലും
നിലവിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ സപ്ലൈ ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിൽ ബ്രസീൽ ഉൾപ്പെടുന്നില്ല.
എന്നാൽ ഇന്ത്യയുടെ, ഊർജ്ജ ഉറവിടങ്ങൾ വൈവിദ്ധ്യവൽക്കരിക്കാനുള്ള ശ്രമങ്ങളിൽ തന്ത്രപ്രധാന പങ്കാളിയായി ബ്രസീലിനെ പരിഗണിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള ബ്രസീലിലെ ഇന്ധന കയറ്റുമതി 1.46 മില്യൺ ഡോളറിന്റേതായിരുന്നു.
അക്കാലത്ത് ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതി 139.85 ബില്യൺ ഡോളറായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ബ്രസീലിൽ നിന്നുള്ള സപ്ലൈ ചെറുതാണെന്നു കാണാം.
2023 വർഷത്തിൽ ബ്രസീലിന്റെ ഇന്ധന ഉല്പാദനം പ്രതിദിനം 3.4 മില്യൺ ബാരലായി വർധിച്ചു. ഇത് ഇന്ത്യയ്ക്ക് പുതിയ സാധ്യതകൾ തുറന്നിടുന്നതായിട്ടാണ് വിലയിരുത്തൽ.