ദില്ലി: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് നീക്കിയിട്ടുള്ളത്.
യാത്രക്കാർക്ക് ഇപ്പോൾ ഏത് സ്റ്റേഷനിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുമ്പ്, യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റർ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ഈ നിയന്ത്രണം ഒഴിവാക്കി. ഇത്തരം പരിമിതികളില്ലാതെ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാർക്ക് എളുപ്പത്തില്‍ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ സൗരഭ് കതാരിയ പറഞ്ഞു.
യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഓൺലൈനിൽ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും.
ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസിന് പേരുകേട്ട യുടിഎസ് മൊബൈൽ ആപ്പ്, റെയിൽ ഉപയോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ലോക്കൽ ട്രെയിനുകളിൽ പതിവായി യാത്ര ചെയ്യുന്നവർ അല്ലെങ്കിൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ആവശ്യമുള്ളവർക്കിടയിൽ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്.
ഇപ്പോള്‍ ദൂര നിയന്ത്രണങ്ങൾ നീക്കിക്കൊണ്ട് ഇന്ത്യൻ റെയിൽവേ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുകയും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്.
ടിക്കറ്റ് ബുക്കിങ്ങിനായി യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ആത്യന്തികമായി നീണ്ട ക്യൂവിൽ നിൽക്കാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.