ന്യൂഡൽഹി: റഷ്യയില് നിന്ന് വന് തോതില് എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ യുഎസിലേയ്ക്ക് ചുവടുമാറ്റുന്നു. റഷ്യന് ക്രൂഡ് ഓയിലിനെതിരെ ഉപരോധം കര്ശനമാക്കിയതോടെയാണ് യുഎസില് നിന്നുള്ള ഇറക്കുമതി വര്ധിപ്പിക്കാന് ഇന്ത്യന് കമ്പനികള് തയ്യാറെടുക്കുന്നത്.
പ്രതിദിനം 25,000 ബാരല് ക്രൂഡ് ഓയില് അടുത്തമാസം മുതല് യു.എസില്നിന്ന് ഇന്ത്യയിലെത്തും.
റഷ്യന് എണ്ണയുടെ നീക്കം തടസ്സപ്പെടുത്തുമെന്ന് ഭീഷണിയുള്ളതിനാല്, ലോകത്തെതന്നെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ വിവിധ രാജ്യങ്ങളില്നിന്നായി എണ്ണ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
76 ലക്ഷം ബാരല് എണ്ണയുമായി മൂന്ന് കപ്പലുകള് യു.എസില്നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഷിപ്പ് ട്രാക്കിങ് കമ്പനിയായ കെപ്ലര് പറയുന്നു. റിലയന്സ് ഇന്ഡസ്ട്രീസ്, വിറ്റോള്, ഇക്വിനോര്, സിനോകോര് തുടങ്ങിയ കമ്പനികളാണ് ഇന്ത്യയുടെ പടിഞ്ഞാറന് തീരത്തേയ്ക്ക് കപ്പല് ചര്ട്ടര് ചെയ്തിട്ടുള്ളത്.
റഷ്യ-യുക്രെയിന് സംഘര്ഷത്തെ തുടര്ന്ന് 2022 ഫെബ്രുവരിയിലാണ് പാശ്ചാത്യ രാജ്യങ്ങള് റഷ്യന് എണ്ണക്ക് ഉപരോധം ഏര്പ്പെടുത്തിയത്.
കഴിഞ്ഞവര്ഷം റഷ്യയില്നിന്ന് ഏറ്റവും കൂടുതല് എണ്ണ ഇറക്കുമതി ചെയ്തത് ഇന്ത്യയായിരുന്നു.