മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്ക് വര്‍ദ്ധന പ്രതീക്ഷിച്ച തോതിലായതിനെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. നിഫ്റ്റി 0.68 ശതമാനം ഉയര്‍ന്ന് 17840 ലെവലിലും സെന്‍സെക്‌സ് 0.6 ശതമാനം ഉയര്‍ന്ന് 60,637 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2.2 ശതമാനം ഉയരം കുറിച്ച ലോഹസൂചികയാണ് മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
അദാനി എന്റര്‍പൈസസിന്റെ പ്രകടനം സൂചികയെ തുണയ്ക്കുന്നു.ടെക്ക് കമ്പനികള്‍ നിറഞ്ഞ നസ്ദാഖിന്റെ ചുവടുപിടിച്ച് ഐടി 2 ശതമാനം ഉയര്‍ന്നു. നസ്ദാഖ് സൂചിക ചൊവ്വാഴ്ച 2 ശതമാനത്തോളം നേട്ടമുണ്ടാക്കിയിരുന്നു.
പ്രധാന ബെഞ്ച്മാര്‍ക്ക് പോളിസി നിരക്ക് 6.5 ശതമാനമാക്കാനാണ് ഫെബ്രുവരി 8 ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 25 ബേസിസ് പോയിന്റ് വര്‍ധനവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്. മാത്രമല്ല, നേട്ടം തിരിച്ചുപിടിക്കുന്നത് അദാനി ഗ്രൂപ്പ് ഓഹരികള്‍ തുടരുകയാണ്.
അദാനി എന്റര്‍പ്രൈസസ് ഇതിനോടകം 13 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ചു. യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് നേരത്തെ കമ്പനി 104 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെടുത്തിയിരുന്നു.