മുംബൈ: ആഗോള വിപണികളിലെ അനിശ്ചിതത്വത്തെ തുടർന്ന് ആഭ്യന്തര സൂചികകൾ ഇന്നലെ വ്യപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി സർവ്വകാല ഉയരത്തിലെത്തിയിരുന്നു.
ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി തുടങ്ങിയ ഓഹരികളിൽ ഇടിവ് വിപണിക്ക് വിനയായി. ഐടി ഓഹരികൾ സൂചികകൾക്ക് താങ്ങായി.
സെൻസെക്സ് 269.03 പോയിൻ്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 77,209.90 നിഫ്റ്റി 65.90 പോയിൻ്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 23,501.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ എയർടെൽ, എൽടിഐ മൈൻഡ് ട്രീ, ഹിൻഡാൽകോ, ഇൻഫോസിസ്, അദാനി പോർട്ട്സ് എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്‌സ്, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
മിഡ്‌ക്യാപ് സൂചിക 0.3 ശതമാനം താഴ്ന്നപ്പോൾ സ്മോൾക്യാപ് 0.06 ശതമാനം ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു . 13 സെക്ടറൽ സൂചികകളിൽ 11 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ഐടി, മെറ്റൽ സൂചികകൾ യഥാക്രമം 0.8, 0.4 ശതമാനം ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13.2 എത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ നഷ്ടത്തിലാണ് വ്യാപാരം നടന്നത്.