
- സ്റ്റഡി ഓസ്ട്രേലിയ റോഡ് ഷോ നടന്നു
- തൊഴിൽ ശേഷിക്ക് ഊന്നൽ നൽകി പ്രത്യേക പ്രോഗ്രാമുകൾ
കൊച്ചി: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന. 2021 ഡിസംബർ മുതൽ 2022 ജൂലൈ വരെ 1,30,000 ഇന്ത്യക്കാർ സ്റ്റുഡൻ്റ് വിസയിൽ ഓസ്ട്രേലിയയിലെത്തി. അവിടെ എത്തിയ വിദേശികളിൽ പകുതിയും ഇന്ത്യയിൽ നിന്നാണ്. കൊച്ചിയിൽ നടന്ന സ്റ്റഡി ഓസ്ട്രേലിയ റോഡ് ഷോയോട് അനുബന്ധിച്ച് വാർത്താലേഖകരോട് സംസാരിക്കവെ ഓസ്ട്രേലിയൻ ട്രേഡ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് കമ്മീഷൻ ഡിജിറ്റൽ എജ്യൂക്കേഷൻ ഹബ് ഡയറക്ടർ വിക് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി അടക്കം ആറ് ഇന്ത്യൻ നഗരങ്ങളിലാണ് റോഡ്ഷോ ഒരുക്കിയത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ ഒരുക്കുന്ന ആഗോള തൊഴിൽ അവസരങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു ട്രേഡ് ഷോയുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, വിദ്യാഭ്യാസ ഏജൻസി പ്രതിനിധികൾ എന്നിവർക്ക് 26 ൽ അധികം സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരം ലഭിച്ചു. ഇവർക്ക് ഏറ്റവും ആധികാരികമായ വിവരം നൽകാൻ ആണ് റോഡ് ഷോ ലക്ഷ്യമിട്ടത്. തെരെഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് തങ്ങൾക്ക് ഏറ്റവും അനുയോജ്യമാണോ എന്ന് തീരുമാനിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന കരിയർ മാച്ചർ സ്ക്രീനും വേദിയിൽ സജ്ജീകരിച്ചിരുന്നു.
30,000 ൽ അധികം കോഴ്സുകൾ ഓസ്ട്രേലിയയിൽ ഉണ്ട്. നൂതന സാങ്കേതിക വിദ്യകൾ, ഉയരുന്ന തൊഴിൽ അവസരങ്ങൾ എന്നിവ പരിഗണിച്ച് പുതിയ നിരവധി കോഴ്സുകൾ രൂപകൽപന ചെയ്തിട്ടുണ്ട്. ബിസിനസ് മാനേജ്മെൻ്റ്, സ്പോർട്സ്, സോഷ്യൽ വർക്ക്, പ്രോഗ്രാമിങ്ങ് എന്നിവയിലെല്ലാം അതി നൂതന കോഴ്സുകൾ ഓസ്ട്രേലിയ മുന്നോട്ട് വയ്ക്കുന്നു.
ഓസ്ട്രേലിയയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തൊഴിൽ ശേഷി മെച്ചപ്പെടുത്തുന്നതിനായി ദി സ്റ്റഡി ഓസ്ട്രേലിയ ഇൻഡസ്ട്രി എക്സ്പീരിയൻസ് പ്രോഗ്രാം അടുത്തിടെ അവതരിപ്പിച്ചിരുന്നു.