കൊച്ചി: ചൈനയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ആഗസ്‌റ്റില്‍ ഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞ് 3,470 കോടി ഡോളറിലെത്തി.
ആഗോള മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതികൂലമായി ബാധിച്ചു.
അതേസമയം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള അഞ്ച് മാസങ്ങളില്‍ ഇന്ത്യയുടെ ഉത്‌പന്ന കയറ്റുമതി 5.3 ശതമാനം വളർച്ചയോടെ 32,886 കോടി ഡോളറിലെത്തി.
ഐ.ടി, ഐ.ടി അനുബന്ധ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സേവനങ്ങളുടെ കയറ്റുമതി ആഗസ്‌റ്റില്‍ 3,069 കോടി ഡോളറായി ഉയർന്നു. ജൂലായില്‍ സേവന കയറ്റുമതി 2,871 കോടി ഡോളറായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 77,800 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റിഅയച്ച് ഇന്ത്യ റെക്കാഡിട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍, കണ്‍സ്യൂമർ ഉത്പന്നങ്ങള്‍, സ്വർണാഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ മികച്ച വളർച്ചയാണ് ദൃശ്യമായത്.
ഉത്പാദന ബന്ധിത ആനുകൂല്യങ്ങളുമായി കേന്ദ്ര സർക്കാർ ആഗോള ബ്രാൻഡുകളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി ആകർഷിച്ചതാണ് കയറ്റുമതിയില്‍ ഉണർവ് സൃഷ്ടിച്ചത്.
കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ഉത്‌പന്ന ഇറക്കുമതി 3.3 ശതമാനം വളർച്ചയോടെ 6,440 കോടി ഡോളറായി. മുൻവർഷം ഇതേകാലയളവില്‍ ഉത്പന്ന ഇറക്കുമതി 6,230 കോടി ഡോളറായിരുന്നു.
വ്യാപാര കമ്മി 2,300 കോടി ഡോളർ
ആഗസ്‌റ്റില്‍ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞ് 3,470 കോടി ഡോളറിലെത്തി
വെല്ലുവിളി
- ചൈനയിലെ സാമ്പത്തിക പ്രതിസന്ധി
- ക്രൂഡോയില്‍ വിലയിലെ ഇടിവ്
- യൂറോപ്പിലെ മാന്ദ്യം
- ചരക്ക് ഗതാഗത രംഗത്തെ അനിശ്ചിതത്വം