ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഉരുക്ക് ഇറക്കുമതി നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. ഏപ്രില്‍ -ഒക്ടോബര്‍ മാസത്തെ കണക്കാണിത്. പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണ് മോസ്‌ക്കോ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചത്.
നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില് ഇന്ത്യയിലേക്കുള്ള ഉരുക്ക് കയറ്റുമതി 149,000 ടണ്ണായി ഉയരുകയായിരുന്നു. മൊത്തം ഉരുക്ക് ഇറക്കുമതിയുടെ 5% മാത്രമാണെങ്കിലും ഇന്ത്യയ്ക്ക് ഉരുക്ക് നല്‍കുന്ന ആദ്യ അഞ്ച് രാഷ്ട്രങ്ങളിലൊന്ന് നിലവില്‍ റഷ്യയാണ്. ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ ഇന്ത്യയുടെ മൊത്തം സ്റ്റീല്‍ ഇറക്കുമതി 3.2 ദശലക്ഷം ടണ്ണാണ്.
ഒരു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ 14.5 ശതമാനം ഉയര്‍ച്ച. മൊത്തം വാങ്ങലിന്റെ 41 ശതമാനം ദക്ഷിണ കൊറിയയില്‍ നിന്നാണ്. 1.3 മില്യണ്‍ ടണ്ണാണ് അവരുടെ സംഭാവന.
ശേഷിയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ് (ജെ.എസ്.ടി.എല്‍.) ആറോ ഏഴോ റഷ്യന്‍ സ്റ്റീല്‍ ഷിപ്‌മെന്റുകള്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ എത്തിയതായി അറിയിക്കുന്നു. വലിയ അളവില്‍ സ്റ്റീല്‍ വാങ്ങുന്നതിന് പുറമെ, മോസ്‌കോയില്‍ നിന്ന് കോക്കിംഗ് കല്‍ക്കരിയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ 2022/23 ല്‍ ഇതുവരെ 56 ദശലക്ഷം ടണ്‍ റഷ്യന്‍ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇത് 2 ദശലക്ഷം ടണ്ണില്‍ താഴെയായിരുന്നു. നികുതി ചുമത്തപ്പെട്ടതുകാരണം കയറ്റുമതി പകുതിയായി കുറഞ്ഞിട്ടും ഏപ്രില്‍-ഒക്ടോബര്‍ കാലത്ത് ഇന്ത്യ അറ്റ സ്റ്റീല്‍ കയറ്റുമതിക്കാരായിരുന്നു. ഈ മാസമാദ്യം, ചില സ്റ്റീല്‍ ഇന്റര്‍മീഡിയറ്റുകള്‍ക്ക് മേല്‍ ചുമത്തിയിരുന്ന കയറ്റുമതി നികുതി റദ്ദാക്കിയിട്ടുണ്ട്.
ഇതോടെ കയറ്റുമതി വീണ്ടും വര്‍ധിച്ചേക്കും.