ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ഇനി ഇന്ത്യയിലും ട്രെയിനോടും. നിലവിൽ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടുന്നത്.
നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ റെയില്‍വേ അനുമതി നല്‍കി.
2024 ഡിസംബറോടെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിനിന്റെ ആദ്യ മാതൃക പരീക്ഷിക്കും. നോര്‍ത്തേണ്‍ റെയില്‍വേ സോണിന് കീഴില്‍ ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനിലാണ് പരീക്ഷണയോട്ടം.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ സംയോജനം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു . റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ പരിസ്ഥിതി സൗഹൃദ റെയില്‍വേ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ് സംരംഭത്തിന് കീഴില്‍ റെയില്‍വേ 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് പദ്ധതി.
ഓരോ ട്രെയിനിനും 80 കോടി രൂപയും വിവിധ പൈതൃക, മലയോര റൂട്ടുകളിലുടനീളം അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും ചെലവഴിക്കും
.ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി, നീലഗിരി മൗണ്ടന്‍ റെയില്‍വേ തുടങ്ങിയവ ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പൈതൃക പാതകളില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ഈ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.