മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ശുദ്ധീകരണശാല സ്ഥാപിക്കാൻ ഒരുങ്ങുകയാണ് വർധാൻ ലിഥിയം എന്ന കമ്പനി.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ ലിഥിയം ശുദ്ധീകരണശാലയും ബാറ്ററി നിർമ്മാണ കേന്ദ്രവും സ്ഥാപിക്കുന്നത്. ഇന്ത്യയിലെ ഊർജ്ജ, വ്യാവസായ രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇത് എന്ന് കരുതുന്നു.
42,532 കോടി രൂപ നിക്ഷേപിക്കും എന്നാണ് പ്രഖ്യാപനം. പ്രോജക്റ്റ് നടപ്പാക്കാൻ ആയാൽ രാജ്യത്തിന്റെ ലിഥിയം ഇറക്കുമതി കുറച്ച് ഊർജ്ജ വിപണിയിൽ മുന്നേറ്റം നടത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
500 ഏക്കർ വിസ്തൃതിയുള്ള പ്രദേശത്തെ ഈ ഫാക്ടറിയിലൂടെ പ്രതിവർഷം 60,000 ടൺ ലിഥിയം ശുദ്ധീകരിക്കാൻ ആകുമെന്നാണ് കണക്കാക്കുന്നത്. 20 ജിഗാവാട്ടിൻ്റെ ബാറ്ററികൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.
ലിഥിയം അധിഷ്ഠിത ഉൽപ്പന്നങ്ങൾക്കായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ മേഖല, വ്യാവസായിക ഉൽപ്പാദന മേഖല എന്നിവയിലെ മുന്നേറ്റത്തിനും ഇത് സഹായകരമാകും.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് പിന്തുണ നൽകിക്കൊണ്ടുള്ളതാമ് ഈ അത്യാധുനിക ഫാക്ടറി. യുഎസ്എയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
ഏതാണീ കമ്പനി?
മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ വർധൻ ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമാണിത്. ലിഥിയം-അയേൺ ബാറ്ററികൾക്കായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിലയിലെ ചാഞ്ചാട്ടം സ്ഥിരപ്പെടുത്തുക എന്നിവയാണ് വമ്പൻ പദ്ധതി ലക്ഷ്യമിടുന്നത്.
500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിഫൈനറിയും അനുബന്ധ പ്രോജക്റ്റുമാണ് ലക്ഷ്യമിടുന്നത്. കാര്യക്ഷമമായ പ്രവർത്തനത്തിന് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും എന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു.
1951-ൽ സ്ഥാപിച്ച വർധൻ ഗ്രൂപ്പ് മുംബൈയിലെ മികച്ച റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ്. നിരവധി മോഡേൺ പ്രോജക്റ്റുകൾ ഗ്രൂപ്പിന് കീഴിലുണ്ട്. കമ്പനിക്ക് നിരവധി റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോജക്റ്റുകളുണ്ട്. മുംബൈയിലുടനീളം അഫോഡബ്ൾ ഭവന പദ്ധതികളുമുണ്ട്.