
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ പ്രകാരം ഒക്ടോബർ 20ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം 2.36 ബില്യൺ ഡോളർ കുറഞ്ഞ് 583.53 ബില്യൺ ഡോളറായി.
കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 1.153 ബില്യൺ ഡോളർ വർദ്ധിച്ച് 585.895 ബില്യൺ ഡോളറിലെത്തിയിരുന്നു.
2021 ഒക്ടോബറിലാണ്, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയത്.
കഴിഞ്ഞ വർഷം മുതൽ, ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് കരുതൽ ശേഖരം ഉപയോഗിച്ചതിനാൽ കരുതൽ ധനം കുറഞ്ഞു.
ഒക്‌ടോബർ 20ന് അവസാനിച്ച ആഴ്‌ചയിൽ, കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 4.15 ബില്യൺ ഡോളർ കുറഞ്ഞ് 515.2 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് വ്യക്തമാക്കുന്നു.