ന്യൂഡല്‍ഹി: മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, ആഭ്യന്തര എണ്ണ, വാതക പര്യവേക്ഷണം വര്‍ധിപ്പിക്കാനും ഇറക്കുമതി ബാസ്‌ക്കറ്റ് വൈവിധ്യവല്‍ക്കരിക്കാനും ബദല്‍ സ്രോതസ്സുകളിലേക്ക് മാറാനും ഒരുങ്ങുന്നു. എണ്ണ മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഊര്‍ജ്ജ പദ്ധതികളുടെ രൂപരേഖ വിശദമാക്കിയത്. ഗ്രീന്‍ ഹൈഡ്രജനിലേയ്ക്കുള്ള പരിവര്‍ത്തനം സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുമെന്ന്് മന്ത്രി അറിയിച്ചു.
വിദേശ ആശ്രയത്വം കുറയ്ക്കാനായി കരിമ്പില്‍ നിന്നും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എത്തനോള്‍ പെട്രോളില്‍ ഉപയോഗപ്പെടുത്തുകയാണ്. 2025ഓടെ പെട്രോളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്താനാകും. ലോക ഊര്‍ജ ആവശ്യകത വളര്‍ച്ചയുടെ നാലിലൊന്ന് നിറവേറ്റാന്‍ അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ രാജ്യത്തെ പര്യാപ്തമാക്കും.
ഊര്‍ജ വിതരണത്തിന്റെ വൈവിധ്യവല്‍ക്കരണം, പര്യവേക്ഷണം, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, ഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കല്‍, വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥ, ഗ്രീന്‍ ഹൈഡ്രജന്‍, ഇവികള്‍ എന്നിവയിലൂടെയാണ് ഊര്‍ജ പരിവര്‍ത്തനം കൈവരിക്കുക. രാജ്യം നിലവില്‍ 85 ശതമാനം എണ്ണ ആവശ്യങ്ങളും 50 ശതമാനം പ്രകൃതി വാതക ആവശ്യങ്ങളും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്.