ന്യൂഡല്‍ഹി: നവംബര് അവസാനത്തോടെ 16-ാമത് ധനകാര്യ കമ്മീഷന് രൂപീകരിക്കുമെന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥന് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷന്‍.2026 ഏപ്രില്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി വിഭജിക്കേണ്ട അനുപാതം കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
”നവംബര്‍ അവസാനത്തോടെ ധനകാര്യ കമ്മീഷന് രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിയമപരമായ ആവശ്യകതയാണ് അത്, ” ടി വി സോമനാഥന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് (ടിഒആര്‍) അന്തിമരൂപം നല്‍കിവരികയാണ്.
2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് 2020 നവംബര്‍ 9 ന് മുന്‍ ധനകാര്യ കമ്മീഷന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.എന്‍ കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള 15-ാമത് കമ്മീഷന്‍ നികുതി വിഭജന അനുപാതം 42 ശതമാനമായി നിലനിര്‍ത്തി. അതനുസരിച്ച് 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വിഭജിക്കാവുന്ന നികുതി പൂളിന്റെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.ധനക്കമ്മി, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള കടപാത, ഊര്‍ജ്ജ മേഖലയിലെ പരിഷ്‌കാരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പയെടുക്കല്‍ എന്നിവയാണ് കമ്മീഷന്റെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം, 2025-26 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 4.5 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.