ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ ആറ് മടങ്ങ് വളര്‍ച്ച കൈവരിച്ച് 2030 ഓടെ 1 ട്രില്യണ്‍ ഡോളറിന്റേതാകും. ഗൂഗിള്‍, ടെമാസെക്ക്, ബെയ്ന്‍ ആന്‍ഡ് കമ്പനി എന്നിവയുടെ സംയുക്ത റിപ്പോര്‍ട്ട് പറയുന്നു. ബി 2 സി ഇ-കൊമേഴ്‌സ് വിഭാഗം, ബി 2 ബി ഇ-കൊമേഴ്‌സ്, സോഫ്റ്റ് വെയര്‍ സേവന ദാതാക്കള്‍, ഓണ്‍ ലൈന്‍ മീഡിയ എന്നിവയാണ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.
ഭാവിയില്‍ മിക്ക വാങ്ങലുകളും ഡിജിറ്റലാകുമെന്ന് ഗൂഗിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത പറഞ്ഞു. പകര്‍ച്ചവ്യാധിക്ക് ശേഷം ചെറുകിട, ഇടത്തരം ബിസിനസുകളും വന്‍കിട സംരംഭങ്ങളും കൂടുതല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ മത്സരാധിഷ്ഠിതമാകാനാണ് ഇത്.
അതേസമയം സ്റ്റാര്‍ട്ടപ്പുകള്‍ ഡിജിറ്റല്‍ നവീകരണം നടത്തുകയും ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ബി 2 സി ഇ-കൊമേഴ്‌സ് 2030 ഓടെ 350-380 ബില്യണ്‍ ഡോളറിന്റെതാകും.നിലവിലെ 60-65 ബില്യണ്‍ ഡോളറില്‍ നിന്ന് 5-6 മടങ്ങ് വളര്‍ച്ച.
ബി 2 ബി ഇ-കൊമേഴ്‌സ് 105-120 ബില്യണ്‍ ഡോളറായി വളരുമ്പോള്‍ സോഫ്‌റ്റ്വെയര്‍-എ-സര്‍വീസ് വിഭാഗം 5-6 മടങ്ങ് വളര്‍ന്ന് 65-75 ബില്യണ്‍ ഡോളറിന്റേതായാണ് മാറുക. നിലവിലെ ബി 2 ബി ഇ-കൊമേഴ്‌സ് മൂല്യം 8-9 ബില്യണ്‍ ഡോളറാണ്.
മാത്രമല്ല, 2022 ല്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ മൂല്യം 155-175 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.ലോകം ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് ടെമാസെക്ക് മാനേജിംഗ് ഡയറക്ടര് (ഇന്വെസ്റ്റ്‌മെന്റ്‌സ്) വിശേഷ് ശ്രീവാസ്തവ് പറഞ്ഞു.