ന്യൂഡൽഹി: പണപ്പെരുപ്പം കുറവായിരുന്നിട്ടും, ഫാക്ടറി ഓർഡറുകളിലും ഉല്‍പ്പാദനത്തിലും വളര്‍ച്ച കുറഞ്ഞതിന്‍റെ ഫലമായി ഡിസംബറില്‍ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
എസ് & പി ഗ്ലോബൽ നടത്തിയ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ സർവേ അനുസരിച്ച് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) നവംബറിലെ 56-ൽ നിന്ന് ഡിസംബറില്‍ 54.9-ലേക്ക് എത്തി.
അതേസമയം മുന്നോട്ടുള്ള വർഷത്തെക്കുറിച്ചുള്ള ബിസിനസ്സ് ആത്മവിശ്വാസം ശക്തിപ്പെട്ടതായും സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പിഎംഐ 50-ന് മുകളിലാണെങ്കില്‍ അത് മേഖലയുടെ വികാസത്തെയും 50-ന് താഴെയാണെങ്കില്‍ അത് സങ്കോചത്തെയുമാണ് കാണിക്കുന്നത്.
ഏകദേശം 400 ഉല്‍പ്പാദന കമ്പനികളിലെ പർച്ചേസിംഗ് മാനേജർമാരില്‍ നിന്ന് എസ് & പി ഗ്ലോബൽ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ തയാറാക്കുന്നത്.
വേഗത കുറഞ്ഞെങ്കിലും ഡിസംബറിലെ വളര്‍ച്ചയും ശക്തമായിരുന്നുവെന്ന് കമ്പനികള്‍ പറയുന്നു. പുതിയ ബിസിനസ് നേട്ടങ്ങൾ, അനുകൂലമായ വിപണി സാഹചര്യങ്ങൾ, മേളകൾ, എക്‌സ്‌പോസിഷനുകൾ എന്നിവ ഡിസംബറിൽ മാനുഫാക്ചറിംഗ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു.
തുടര്‍ച്ചയായ 21-ാം മാസവും ഇന്ത്യന്‍ ചരക്കുകള്‍ക്കായുള്ള അന്താരാഷ്ട്ര ഓര്‍ഡറുകള്‍ വളര്‍ച്ച പ്രകടമാക്കി.
ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകളിൽ നിന്ന് കമ്പനികൾ നേട്ടങ്ങൾ രേഖപ്പെടുത്തി.
പുതിയ കയറ്റുമതി വിൽപ്പന മിതമായ വേഗതയിൽ വികസിച്ചു, ഇത് എട്ട് മാസത്തിനിടയിലെ കുറഞ്ഞ നിലയിലായിരുന്നു.