ന്യൂഡല്‍ഹി: ജനുവരി – മാര്‍ച്ച് പാദ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കുത്തനെ ഇടിഞ്ഞു. 1.3 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ കറന്റ് അക്കൗണ്ട് കമ്മി. 2022 ഏപ്രില്‍-ജൂണില്‍ 17.9 ബില്യണ്‍ ഡോളറും 2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 30.9 ബില്യണ്‍ ഡോളറും ഒക്ടോബര്‍-ഡിസംബറില്‍ 16.8 ബില്യണ്‍ ഡോളറുമായിരുന്ന സ്ഥാനത്താണിത്.
മൊത്തം 2022-23 സാമ്പത്തിക വര്‍ഷത്തെ കറന്റ് അക്കൗണ്ട് കമ്മി 67 ബില്യണ്‍ ഡോളറാണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 38.7 ബില്യണ്‍ ഡോളറായിരുന്നു കറന്റ് അക്കൗണ്ട് കമ്മി. വ്യാപാരകമ്മി കുറഞ്ഞതാണ് തുടര്‍ച്ചയായി സിഎഡി ഇടിയാന്‍ കാരണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പറയുന്നു.
2022 ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ 71.3 ബില്യണ്‍ ഡോളറുണ്ടായിരുന്ന വ്യാപാര കമ്മി, 2023 ജനുവരി മാര്‍ച്ചില്‍ 52.6 ബില്യണ്‍ ഡോളറായി ചുരുങ്ങിയിരുന്നു. ക്രൂഡ് ഓയില്‍ വിലയിടിവാണ് വ്യാപാര കമ്മി കുറയ്ക്കാന്‍ രാജ്യത്തെ സഹായിക്കുന്നത്.
2022 ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ ബാരലിന് 85.8 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില, അവസാന പാദത്തില്‍ 80.6 ഡോളറാണ്. ആഭ്യന്തര ക്രൂഡ് ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ക്രൂഡ് വിലയിടിവ് ഇറക്കുമതി മൂല്യത്തില്‍ കുറവുണ്ടാക്കി. മാത്രമല്ല 2023 ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയ്ക്ക് 39.1 ബില്യണ്‍ ഡോളര്‍ സേവന വ്യാപാര മിച്ചമുണ്ട്.
2022 ഒക്ടോബര്‍ -ഡിസംബറില്‍ ജിഡിപിയുടെ 2 ശതമാനവും 2022 ജനുവരി മാര്‍ച്ചില്‍ ജിഡിപിയുടെ 1.6 ശതമാനവുമുണ്ടായിരുന്ന സിഎഡി, 2022-23 ജനുവരി മാര്‍ച്ച് പാദത്തില്‍ ജിഡിപിയുടെ 0.2 ശതമാനം മാത്രമാണ്. അതേസമയം മൊത്തം 2022-23 സാമ്പത്തികവര്‍ഷത്തില്‍ ജിഡിപിയുടെ 2 ശതമാനമാണ് സിഎഡി. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 1 ശതമാനം മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്.