ന്യൂഡല്ഹി: തദ്ദേശീയമായി നിര്മിച്ച ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല് അഗ്നി പ്രൈം വിജയകരമായി പരീക്ഷണം പൂര്ത്തിയാക്കി.
ഒഡീഷ തീരത്ത് ബുധനാഴ്ച രാത്രിയോടെയാണ് മിസൈലിന്റെ അവസാന ഘട്ട പരീക്ഷണവും വിജയകരമായി പൂര്ത്തിയാക്കിയതെന്ന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം(ഡി.ആര്.ഡി.ഓ.) അറിയിച്ചു.
ആയിരം മുതല് രണ്ടായിരം കിലോമീറ്റര് വരെയാണ് അഗ്നി പ്രൈമിന്റെ പരിധി.
അഗ്നി പരമ്പരയിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അഗ്നി പ്രൈമിന് മറ്റു മിസൈലുകളെ അപേക്ഷിച്ച് പ്രത്യേകതകള് ഏറെയാണ്. സാധാരണ മിസൈലുകളില് പോര്മുന വിക്ഷേപണത്തിന് തൊട്ടു മുമ്പ് ഘടിപ്പിക്കുമ്പോള് അഗ്നി പ്രൈം പോര്മുന ഘടിപ്പിച്ച നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തൊടുത്തു വിട്ടു കഴിഞ്ഞാലും നിയന്ത്രിക്കാമെന്നതും ലക്ഷ്യസ്ഥാനം ഉള്പ്പടെ മാറ്റാമെന്നതും അഗ്നി പ്രൈമിന്റെ മാത്രം സവിശേഷതയാണ്. മറ്റു മിസൈലുകളെ അപേക്ഷിച്ച് സൂക്ഷിച്ചിരിക്കുന്ന സ്ഥാനം മാറ്റിയാലും അഗ്നി പ്രൈം ഉടനടി തൊടുക്കാന് സാധിക്കും.
സാധാരണ ഗതിയില് ഉപയോഗിച്ചു വരുന്ന എം.ഐ.ആര്.വി. സാങ്കേതിക വിദ്യയില് നിന്ന് വ്യത്യസ്തമായി മന്യൂവെറബിള് റീഎന്ട്രി വെഹിക്കിള് എന്ന സാങ്കേതിക വിദ്യയാണ് അഗ്നി പ്രൈമില് ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരത്തില് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്മിച്ച അഗ്നി പ്രൈം ഇന്ത്യന് പ്രതിരോധ മേഖലയ്ക്ക് മുതല്ക്കൂട്ടാണെന്നും ഡി.ആര്.ഡി.ഓ വ്യക്തമാക്കി.