ന്യൂഡല്‍ഹി: ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍, എത്തനോള്‍ മിശ്രിതം, ബാറ്ററി സംഭരണം, വാഹനസ്‌ക്രാപ്പിംഗ് തുടങ്ങി ഹരിത ഊര്‍ജ രംഗത്ത് നിരവധി നിക്ഷേപ അവസരങ്ങളാണ് 2023 ബജറ്റ് വാഗ്ദാനം ചെയ്യുന്നത്.പുനരുപയോഗ ഊര്‍ജ്ജ രംഗം ഒരു സ്വര്‍ണ്ണഖനിയാണെന്നും അവസരം നഷ്ടപ്പെടുത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപകരെ ഉപദേശിക്കുന്നു. പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ പുനരുപയോഗ ഊര്‍ജ്ജവിപണിയില്‍ മുന്‍ നിരക്കാരാകാന്‍ ഇന്ത്യയ്ക്കാകും.
“ഈ ബജറ്റ്, ആഗോള പുനരുപയോഗ ഊര്‍ജ വിപണിയില്‍ ഇന്ത്യയെ മുന്‍നിരക്കാരാക്കും. രാജ്യത്തുടനീളം എത്തനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പോലുള്ള അവസരങ്ങള്‍ നിക്ഷേപകര്‍ നഷ്ടപ്പെടുത്തരുത്. ഇലക്ട്രോലൈസര്‍ നിര്‍മ്മാണത്തിലും അവസരങ്ങളുണ്ട്,” ഹരിത ഊര്‍ജത്തെക്കുറിച്ചുള്ള ബജറ്റാനന്തര വെബിനാറില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിലെ ഏഴ് മുന്‍ഗണനകളില്‍ ഹരിത മേഖലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ഹരിത വ്യാവസായിക, സാമ്പത്തിക പരിവര്‍ത്തനം, പരിസ്ഥിതി സൗഹൃദ കൃഷി, സുസ്ഥിര ഊര്‍ജ്ജം എന്നിവയെ മുന്നോട്ട് കൊണ്ടുപോകും.
“എഥനോള്‍ മിശ്രിതം, റൂഫ്ടോപ്പ് സോളാര്‍ സ്‌കീം, ബാറ്ററി സംഭരണം തുടങ്ങിയവയിലൂടെ ഹരിത വളര്‍ച്ചയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യവസായത്തിന് ഗ്രീന്‍ ക്രെഡിറ്റിലൂടെയും കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി പ്രണാം യോജനയിലൂടെയും സഹായം നല്‍കാനാണ് പദ്ധതി. “ഏറ്റവും വേഗത്തില്‍ ഹരിത ഊര്‍ജം കൂട്ടിച്ചേര്‍ക്കുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനമാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ മേഖലയ്ക്ക് ഇതിനോടകം 19,000 കോടി രൂപ ഇന്‍സെന്റീവ് നല്‍കി.
പെട്രോളില്‍ 10 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യവും സമയത്തിന് മുമ്പേ കൈവരിച്ചു.
ഇതോടെ ഊര്‍ജ്ജശേഷിയുടെ 40 ശതമാനം കൈവരിക്കാനായി. ഫെയിം2 സ്‌ക്കീമിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ 22.9 കോടി ലിറ്റര്‍ ഇന്ധനം ലാഭിക്കുകയും 33.9 കോടി കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറയ്ക്കുകയും ചെയ്യുന്നു. വാഹന സ്‌ക്രാപ്പിംഗ് നയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 3,000 കോടി രൂപ ഈ സംരംഭത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും പറഞ്ഞു.
15 വര്‍ഷം പഴക്കമുള്ള പോലീസ് കാറുകള്‍, ആംബുലന്‍സുകള്‍, പൊതു ബസുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.