![](https://www.livenewage.com/wp-content/uploads/2022/07/inflation1-1.jpg)
ദില്ലി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) സെപ്തംബറിൽ 7.41 ശതമാനമായി ഉയർന്നു. ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം ഉയരാനുള്ള കാരണം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് പണപ്പെരുപ്പത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്ക് മുകളിലായി തുടർച്ചയായ ഒമ്പതാം തവണയും റീടൈൽ പണപ്പെരുപ്പ നിരക്ക് ഉള്ളത്. ഇതോടെ ആർബിഐ വീണ്ടും പലിശ നിരക്ക് ഉയർത്തുമെന്ന കാര്യം ഉറപ്പിക്കാം. ഈ വർഷം നാല് തവണയായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 190 ബേസിസ് പോയിന്റ് വർധനയാണ് ഇതുവരെ ഉണ്ടായത്.
ഭക്ഷ്യവിലകയറ്റം ഓഗസ്റ്റിലെ 7.62 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 8.60 ശതമാനമായി ഉയർന്നു. അതേസമയം, വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) കണക്കാക്കിയ വ്യാവസായിക വളർച്ച ജൂലൈയിലെ 2.4 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 0.8 ശതമാനം ചുരുങ്ങിയെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം ആർബിഐയുടെ പരിധിക്ക് മുകളിൽ തുടർന്നാൽ ഇനിയും റിപ്പോ നിരക്ക് ഉയർത്താൻ സെൻട്രൽ ബാങ്ക് നിരബന്ധിതമാകും. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ വായ്പ നിരക്കുകൾ ഉയർന്നേക്കും. നിലവിൽ ഉയർന്ന പലിശ നിരക്കാണ് വായ്പകൾക്കും നിക്ഷജപങ്ങൾക്കും രാജ്യത്തുള്ളത്.
ഡോളറിനെതിരെ ഇന്ത്യയുടെ രൂപയുടെ മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞത് ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ആയിരുന്നു. അതേസമയം, ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 11.44 ശതമാനം വർദ്ധിച്ചു,