![](https://www.livenewage.com/wp-content/uploads/2022/06/retail1.jpg)
ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങി. തുടര്‍ച്ചയായ 10 മാസത്തിന് ശേഷമാണ് പണപ്പെരുപ്പം ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിനുള്ളിലാകുന്നത്. ഒക്ടോബറിലെ 6.77 ശതമാനത്തില്‍ നിന്നും റീട്ടെയിൽ പണപ്പെരുപ്പം നവംബറില്‍ 5.88 ശതമാനമായി കുറയുകയായിരുന്നു.
2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷ കാലയളവ് വരെ റീട്ടെയില്‍ പണപ്പെരുപ്പം 2%- 4% ആയി നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഭക്ഷ്യവിലയിലെ കുറവാണ് മൊത്തം ചെറുകിട പണപ്പെരുപ്പത്തെ മെരുക്കാന്‍ കേന്ദ്രബാങ്കിനെ സഹായിച്ചത്.ഒക്ടോബറിലെ 7.01 ശതമാനത്തില്‍ നിന്നും ഭക്ഷ്യ പണപ്പെരുപ്പം നവംബറില്‍ 4.67 ശതമാനമാവുകയായിരുന്നു.
35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് റിപ്പോനിരക്ക് 6.25 ശതമാനമാക്കാന്‍ ഡിസംബര്‍ 7 ന് കേന്ദ്രബാങ്ക് തയ്യാറായിരുന്നു. എട്ട്മാസത്തിനിടെ അഞ്ചാമത്തെ വര്‍ധനവാണിത്. ചില്ലറ പണപ്പെരുപ്പം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 6.6% ആകുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്.
അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.9% ആയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 5% ആയും പിന്നീടത് കുറയും. വ്യവസായ ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദനം ഒക്ടോബറില്‍4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (MoSPI) നേരത്തെ പുറത്തുവിട്ട ഡാറ്റയിലാണ് ഈ കണക്കുകളുള്ളത്.