ന്യൂഡൽഹി: ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറിൽ നാല് മാസത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. 1.6 മില്യൺ ബാരൽ എണ്ണയാണ് പ്രതിദിനം നവംബറിൽ ഇറക്കുമതി ചെയ്തത്.
ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 3.1 ശതമാനത്തിന്റെ പ്രതിദിന വർധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തെ കണക്കെടുത്താൽ ഇറക്കുമതി 36 ശതമാനം വർധിച്ചു.
ഈ വർഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത് റഷ്യയാണ്. യുക്രെയ്നുമായുള്ള യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങൾ പിന്മാറുകയായിരുന്നു. തുടർന്ന് കുറഞ്ഞ നിരക്കിൽ ഇന്ത്യക്ക് എണ്ണ നൽകാൻ റഷ്യ തയാറായി.
കഴിഞ്ഞ മാസം ഇന്ത്യയുടെ ആകെയുള്ള എണ്ണ ഇറക്കുമതി കുറഞ്ഞിരുന്നു 4.5 ശതമാനം കുറവാണ് ഇറക്കുമതിയിൽ ഉണ്ടായത്. എന്നാൽ, 2022 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി വർധിച്ചിട്ടുണ്ട്. 4.6 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തത്.
റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ ലഭ്യമായതോടെ ഇന്ത്യയിലെ കമ്പനികളുടെ ലാഭം വർധിച്ചിരുന്നു. ഒരു ബാരൽ എണ്ണക്ക് 30 ഡോളർ (2325 രൂപ) വരെ ലാഭം കമ്പനികൾക്ക് ലഭിച്ചിരുന്നു.
പൊതുമേഖല എണ്ണ കമ്പനികൾക്കും കുറഞ്ഞ വിലക്ക് തന്നെ റഷ്യൻ എണ്ണ ലഭിച്ചിരുന്നു. എന്നാൽ, റഷ്യയിൽ നിന്നും വിലകുറവിൽ എണ്ണ ലഭിച്ചുവെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല.