
ചെന്നൈ: സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിക്കായി നിർമിച്ച ‘മത്സ്യ 6000’ അന്തർവാഹിനി കടലിലെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
മൂന്നുപേരെ കടലില്‍ 6,000 മീറ്റർ താഴെയെത്തിച്ച് പര്യവേക്ഷണം നടത്തുന്ന സമുദ്രയാൻ പദ്ധതി അടുത്തവർഷം യാഥാർഥ്യമാവുമെന്നാണ് കരുതുന്നത്.
ചെന്നൈയ്ക്കടുത്ത് കാട്ടുപ്പള്ളിയിലെ എല്‍. ആൻഡ് ടി. തുറമുഖത്ത് ജനുവരി 27 മുതല്‍ ഫെബ്രുവരി 12 വരെയായിരുന്നു മത്സ്യയുടെ കടലിലെ പരീക്ഷണം. ആളെ കയറ്റിയുള്ള അഞ്ചു ദൗത്യങ്ങളും ആളില്ലാത്ത അഞ്ചു ദൗത്യങ്ങളുമാണ് നടത്തിയത്. അന്തർവാഹിനിയുടെ സുരക്ഷാസംവിധാനങ്ങളും ഊർജ, ഗതിനിയന്ത്രണ സംവിധാനങ്ങളും ഈ പരീക്ഷണങ്ങളിലൂടെ പരിശോധിച്ചുറപ്പിച്ചു.
ഈ വർഷമൊടുവില്‍ കടലില്‍ 500 മീറ്റർ ആഴത്തില്‍ പരീക്ഷണങ്ങള്‍ ആവർത്തിക്കും. അതിനുശേഷം 6,000 മീറ്റർ ആഴത്തിലുള്ള പര്യവേക്ഷണത്തിന് ഒരുക്കം തുടങ്ങും.
ചെന്നൈയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി(എൻ.ഐ.ഒ.ടി)യിലാണ് ‘മത്സ്യ 6000’ അന്തർവാഹിനി നിർമിച്ചത്.
എൻ.ഐ.ഒ.ടി.യുടെ ഗവേഷണശാലയില്‍ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് അന്തർവാഹിനി കടലില്‍ ഇറക്കിയത്. 12 മണിക്കൂർ കടലിനടിയില്‍ കഴിയാനാവുന്ന രീതിയിലാണ് ‘മത്സ്യ’ രൂപകല്പന ചെയ്തത്. അടിയന്തര സാഹചര്യങ്ങളില്‍ 96 മണിക്കൂർവരെ ഓക്സിജൻ ലഭ്യമാകും.
കടലിന്റെ അടിത്തട്ടിലെ അമൂല്യമൂലകങ്ങളെയും ധാതുക്കളെയും കുറിച്ച് പഠിക്കുകയാണ് സമുദ്രയാനിന്റെ ലക്ഷ്യം. ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ‘ചന്ദ്രയാനി’നും സൂര്യനെക്കുറിച്ചു പഠിക്കുന്നതിനുള്ള ‘ആദിത്യ’ക്കും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ‘ഗഗൻയാനി’നുമൊപ്പമാണ് ഇന്ത്യ ‘സമുദ്രയാൻ’ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.