റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

ഇന്ത്യയുടെ കയറ്റുമതിയിൽ സ്മാർട്ട്ഫോൺ രണ്ടാംസ്ഥാനത്ത്; ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് ആപ്പിൾ ഐഫോൺ

മുംബൈ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ രണ്ടാംസ്ഥാനത്തേക്കു കയറി സ്മാർട്ട്ഫോണുകള്‍. ഐഫോണുകളുടെയും സാംസങ്ങിന്റെയും കരുത്തില്‍ കഴിഞ്ഞവർഷത്തെ നാലാം സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം.

അന്താരാഷ്ട്ര വ്യാപാര ഇടപാടുകളില്‍ ലോക വ്യാപാരസംഘടന നല്‍കുന്ന കോഡിന്റെ അടിസ്ഥാനത്തിലുള്ള ഇനങ്ങളില്‍ ഓട്ടോമോട്ടീവ് ഡീസല്‍ ഇന്ധനത്തിന്റെ തൊട്ടുതാഴെയാണ് സ്മാർട്ട്ഫോണ്‍ കയറ്റുമതി ഇപ്പോഴുള്ളത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്തുനിന്നുള്ള സ്മാർട്ട് ഫോണ്‍ കയറ്റുമതി ഏപ്രില്‍-നവംബർ കാലയളവില്‍ 1,310 കോടി ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേകാലത്ത് 890 കോടി ഡോളറിന്റെ കയറ്റുമതിയായിരുന്നു നടന്നത്. 46 ശതമാനമാണ് വളർച്ച.

ആദ്യ സ്ഥാനത്തുള്ള ഓട്ടോമോട്ടീവ് ഡീസല്‍ കയറ്റുമതി ഇക്കാലത്ത് 1,350 കോടി ഡോളറിന്റേതാണ്. അതായത് ഇവ തമ്മിലുള്ള അന്തരം വെറും 40 കോടി ഡോളറിന്റെ മാത്രമാണ്.

ഐഫോണിന്റെ ഇന്ത്യയിലെ ഉത്പാദനമാണ് സ്മാർട്ട്ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിനു പിന്നില്‍. രാജ്യത്തുനിന്നുള്ള സ്മാർട്ട്ഫോണ്‍ കയറ്റുമതിയില്‍ മൂന്നില്‍ രണ്ടുഭാഗവും ആപ്പിള്‍ ഐഫോണ്‍ ആണ്.

കഴിഞ്ഞവർഷം ഓട്ടോമോട്ടീവ് ഡീസല്‍ ഇന്ധന കയറ്റുമതി 1,890 കോടി ഡോളറിന്റേതായിരുന്നു. ഇത്തവണയിതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വിമാന ഇന്ധനമാണ് മൂന്നാമത്. 1,090 കോടി ഡോളറില്‍നിന്ന് 1,110 കോടി ഡോളറായി കൂടി.

നാലാമത് വജ്രത്തിന്റെ കയറ്റുമതി കഴിഞ്ഞവർഷത്തെ 1,104 കോടി ഡോളറില്‍നിന്ന് 890 കോടി ഡോളറായി ചുരുങ്ങി. പെട്രോളാണ് (ഗാസൊലീൻ) അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ 900 കോടി ഡോളറില്‍നിന്ന് 730 കോടി ഡോളറായി ഇതു ചുരുങ്ങി.

2019 മുതലാണ് രാജ്യത്ത് സ്മാർട്ട്ഫോണ്‍ കയറ്റുമതിയില്‍ വർധന പ്രകടമായി തുടങ്ങിയത്. 2019- 20 കാലത്ത് 290 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകള്‍ കയറ്റി അയച്ചു. അന്ന് കയറ്റുമതി ഉത്പന്നങ്ങളില്‍ 14-ാം സ്ഥാനത്തായിരുന്നു സ്മാർട്ട്ഫോണ്‍.

തൊട്ടടുത്തവർഷങ്ങളില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. 2023- 24-ല്‍ 1,560 കോടി ഡോളറിന്റെ കയറ്റുമതിയുമായി നാലാം സ്ഥാനത്തേക്കുയർന്നു. ഏപ്രില്‍ – ഡിസംബർ കാലത്തെ റാങ്കിങ് കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, സ്മാർട്ട്ഫോണ്‍ കയറ്റുമതി ഇതിനകം 1,535 കോടി ഡോളറുമായി കഴിഞ്ഞവർഷത്തെ മൊത്തം കയറ്റുമതിക്ക് അടുത്തെത്തിയിട്ടുണ്ട്.

X
Top