ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായി വികസിക്കുകയാണ്. എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള ദുര്‍ബലമായ പുരോഗതിയാണ് കഴിഞ്ഞമാസം രംഗം കാഴ്ചവച്ചത്. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച ജൂണില്‍ 58.5 ആയി കുറയുകയായിരുന്നു.
മെയിലിത് 61.2 ആയിരുന്നു. വളര്‍ച്ച ആക്കത്തില്‍ കുറവ് വന്നെങ്കിലും സേവന മേഖല താരതമ്യേന ശക്തമാണെന്ന് എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സാമ്പത്തിക ഡയറക്ടര്‍ പൊളിയാന ഡിലീമ പറഞ്ഞു.
”ഇന്ത്യന്‍ സേവനങ്ങളുടെ ആവശ്യം ജൂണില്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. നിരീക്ഷിക്കപ്പെട്ട നാല് ഉപമേഖലകളും പുതിയ ബിസിനസ്സില്‍ വേഗത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി,”പോളിയാന ഡി ലിമ പറയുന്നു.
പുതിയ ബിസിനസ് ഉപ സൂചിക 58.8 ആയാണ് ഉയര്‍ന്നത്. മുന്‍മാസത്തില്‍ ഇത് 58.4 ആയിരുന്നു. സേവന സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ 13-ാം മാസവും തൊഴിലവസരങ്ങള്‍ ചേര്‍ത്തു.
ബിസിനസ്സ് ശുഭാപ്തിവിശ്വാസം ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഉല്‍പാദനത്തിന്റെ 60% വരുന്ന മേഖലയുടെ സുസ്ഥിരമായ വളര്‍ച്ച സമ്പദ്വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നതാണ്.വരും പാദങ്ങളില്‍ പല പ്രധാന എതിരാളികളെയും മറികടക്കുന്നത് ഇന്ത്യ തുടരും.
വളര്‍ച്ചാ വേഗതയിലെ ഈ കുതിച്ചുചാട്ടം ബിസിനസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യും.അതേസമയം, ആഗോള മാന്ദ്യം, കയറ്റുമതി വളര്‍ച്ചയെ മൂന്നുമാസത്തെ താഴ്ന്ന നിലയിലെത്തിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്‍പുട്ട് ചെലവ് കുറഞ്ഞിട്ടും സ്ഥാപനങ്ങള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു.
2017 ജൂലൈയ്ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.ഇന്ത്യയുടെ മാനുഫാക്ച്വറിംഗ് പിഎംഐ ജൂണില്‍ 58.7 ആയി കുറഞ്ഞിരുന്നു.ഇതോടെ സംയോജിത പിഎംഐ ജൂണില്‍ 59.4 ആയി ഇടിഞ്ഞു.
മെയ് മാസത്തില്‍ 61.6 രേഖപ്പെടുത്തിയ സ്ഥാനത്താണിത്. പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.