
ന്യൂഡൽഹി: 2024-25 സീസണിലെ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകൾ.
കഴിഞ്ഞ സീസണിലെ ഉൽപ്പാദനമായ 31.9 ദശലക്ഷം ടണ്ണിൽ നിന്ന് ഇത്തവണ 25.8 ദശലക്ഷം ടണ്ണായി ഉൽപ്പാദനം കുറയുമെന്ന് ആൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ (എ.ഐ.എസ്.ടി.എ) പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ഈ സീസണിൽ 26.52 ദശലക്ഷം ടൺ ഉൽപ്പാദനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം പ്രതീക്ഷിച്ചതിലും 0.72 ദശലക്ഷം ടൺ കുറവായിരിക്കും ഈ സീസണിലെ ഉൽപ്പാദനം.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പാദനക്കുറവാണ് മൊത്തത്തിലുള്ള കുറവിന് കാരണം.
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദന സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ സീസണിലെ ഉൽപ്പാദനമായ 11 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഇത്തവണ എട്ട് ദശലക്ഷം ടൺ ഉൽപ്പാദനം മാത്രമേ ഇവിടെയുള്ളൂ.
രണ്ടാമതുള്ള യു.പിയിലും ചെറിയ ഇടിവ് സംഭവിച്ചു. ഒമ്പത് ദശലക്ഷം ടൺ ഉൽപ്പാദനമാണ് യു.പിയിൽ ഇത്തവണ. കഴിഞ്ഞ തവണ 10.4 ദശലക്ഷം ടൺ ആയിരുന്നു.
അതേസമയം, എഥനോൾ ഉൽപ്പാദനത്തിനായുള്ള പഞ്ചസാരയുടെ ഉപയോഗത്തിൽ വൻ വർധനവുണ്ടായെന്ന് എ.ഐ.എസ്.ടി.എയുടെ കണക്കുകൾ പറയുന്നു.
0.4 ദശലക്ഷം ടൺ പ്രതീക്ഷിച്ചിടത്ത് 3.8 ദശലക്ഷം ടൺ ആണ് ജൈവ ഇന്ധനമായ എഥനോൾ ഉൽപ്പാദനത്തിനായി ഉപയോഗിച്ചത്.