ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ വ്യാപാരം ഉടന്‍ തന്നെ രൂപയിലേയ്ക്ക് മാറും. മുന്‍നിര വായ്പാദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനം രൂപപ്പെടുത്തുന്നതോടെയാണ് ഇതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) പ്രസിഡന്റ് എ. ശക്തിവേല്‍ പറയുന്നു. പാശ്ചാത്യ ഉപരോധം കാരണം റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഫെബ്രുവരി മുതല്‍ മന്ദഗതിയിലാണ്.
‘രൂപയിലുള്ള വ്യാപാരം സുഗമമാക്കുന്നതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട് വന്നിട്ടുണ്ട്. മറ്റ് ചില ബാങ്കുകളും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു,’ ശക്തിവേല്‍ അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ റഷ്യന്‍ ബാങ്കിന്റെ പേര് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപയില്‍ അന്താരാഷ്ട്ര വ്യാപാരം തീര്‍ക്കുന്നതിനുള്ള സംവിധാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരത്തെ സഹായിക്കുന്നതാണ് ഇത്. ഉപരോധത്തെ തുടര്‍ന്ന് ഇറാനുമായി പണമിടപാടുകള്‍ നടത്തുന്നതിന് നേരത്തെ രൂപ ഉപയോഗിച്ചിരുന്നു.
അതിന്റെ മാതൃകയിലാണ് പുതിയ സംവിധാനം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍, റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം മൂന്നിലൊന്നായി കുറഞ്ഞപ്പോള്‍ ഇറക്കുമതി ഇരട്ടിയിലധികമായി. ഡിസ്‌ക്കൗണ്ട് നിരക്കിലുള്ള എണ്ണ വാങ്ങിയതാണ് മൊത്തം ഇറക്കുമതി ഉയര്‍ത്തിയത്.
യൂറോയും ഡോളറും വില്‍പ്പന നടത്തി ഏഷ്യന്‍ കറന്‍സികള്‍ വാങ്ങിയാണ് നിലവില്‍ റഷ്യയുമായുള്ള വ്യാപാരം സാധ്യമാക്കുന്നത്.