
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന അദാനി ഗ്രൂപ്പ വീണ്ടും വിദേശനിക്ഷേപത്തിന് ഒരുങ്ങുന്നു. കാറ്റാടിപ്പാടങ്ങൾക്കായി 442 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് ശ്രീലങ്ക അറിയിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്ന് രാജ്യത്തിന്റെ ബോർഡ് ഓഫ് ഇൻവെസ്റ്മെന്റ് അറിയിച്ചു. 2025ഓടെ ഇവിടെ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
700 മില്യൺ ഡോളറിന്റെ കൊളംബോ തുറമുഖ പദ്ധതിയും അദാനിക്കാണ് ശ്രീലങ്ക നൽകിയത്. അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച് അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കൻ ഊർജ്ജമന്ത്രി അറിയിച്ചു.
2024 ഡിസംബറോടെ ഊർജപദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്ക അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ശ്രീലങ്കയിലേത്.