ന്യൂഡല്‍ഹി: എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സയുടെ കണക്കുകള്‍ പ്രകാരം, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജനുവരിയില്‍ വീണ്ടും വര്‍ദ്ധിച്ചു. പ്രതിദിനം 1.27 മില്യണ്‍ ബാരലായാണ് ഇറക്കുമതി വര്‍ദ്ധിച്ചത്.ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് ഡിസംബറിലെ 2022 ലെ 1 മില്യണ്‍ ബാരലാണ്.
ഇത് തുടര്‍ച്ചയായ നാലാം മാസമാണ് റഷ്യയില്‍ നിന്നും ഇറക്കുമതി വര്‍ധിക്കുന്നത്.
നവംബറില്‍ 99,403 ബാരലും ഒക്ടോബറില്‍ 935,556 ബാരലുമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്.മാത്രമല്ല ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാഷ്ട്രം തുടര്‍ച്ചയായ നാലാം മാസവും റഷ്യയായി. ഒക്ടോബറിലാണ് ഇറാഖിനേയും സൗദി അറേബ്യയേയും പിന്തള്ളി റഷ്യ മുന്നിലെത്തുന്നത്.
പിന്നീട് നവംബറിലും ഡിസംബറിലും പ്രവണത തുടര്‍ന്നു. മൊത്തം ഇറക്കുമതിയുടെ 26 ശതമാനമാണ് നിലവില്‍ റഷ്യയില്‍ നിന്നും ലഭ്യമാകുന്നത്. ഇറാഖില്‍ നിന്നും 20 ശതമാനവും സൗദി അറേബ്യയില്‍ നിന്നും 17 ശതമാനവും ഇറക്കുമതി ചെയ്യുന്നു.
യു.എസ് കയറ്റുമതി ചെയ്ത ക്രൂഡ് ഓയില്‍ ജനുവരിയില്‍ 9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെയിത് 7 ശതമാനമായിരുന്നു. യുഎഇയുടെ സംഭാവന 8 ശതമാനമായപ്പോള്‍ ആഫ്രിക്കയില്‍ നിന്നുള്ളത് 9 ല്‍ നിന്നും 6 ശതമാനമായി താഴ്ന്നു.
റഷ്യന്‍ എണ്ണവിലയ്ക്ക് പരിധിയേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതാണ് ഇറക്കുമതി കൂട്ടിയത്. ഇതോടെ തുച്ഛമായ 60 ഡോളറിന് റഷ്യന്‍ എണ്ണ ലഭ്യമാവുകയായിരുന്നു. മൂന്നാമത്തെ വലിയ ക്രൂഡ്ഓയില്‍ ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്.