
ന്യൂഡൽഹി: ടെലികോം ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഇൻഡസ് ടവേഴ്‌സിന്റെ സെപ്തംബർ പാദത്തിലെ വരുമാനം 16 ശതമാനം വർധിച്ച് 7,967 കോടി രൂപയായിട്ടും ഏകീകൃത അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 872 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 1,559 കോടി രൂപയായിരുന്നു.
ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം 40.9 ശതമാനത്തിൽ നിന്ന് 32.3 ശതമാനമായി കുറഞ്ഞപ്പോൾ മൂലധനത്തിൽ നിന്നുള്ള വരുമാനം 23.8 ശതമാനത്തിൽ നിന്ന് 19.2 ശതമാനമായി. കമ്പനിയുടെ പ്രധാന ഉപഭോക്താവായ വിയിൽ നിന്നുള്ള കളക്ഷൻ വെല്ലുവിളികൾ സാമ്പത്തിക പ്രകടനത്തെ ബാധിച്ചതായി ഇൻഡസ് ടവേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
പോർട്ട്‌ഫോളിയോയിലുടനീളമുള്ള ഉൽപ്പന്നങ്ങൾക്ക് നല്ല ഡിമാൻഡാണെന്നും ഈ പാദത്തിൽ തങ്ങൾ ശക്തമായ പ്രവർത്തന പ്രകടനം കാഴ്ചവെച്ചതായും ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് ചെയർമാനും ഇൻഡിപെൻഡന്റ് ഡയറക്ടറുമായ എൻ കുമാർ പറഞ്ഞു. കൂടാതെ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ തവണകളായി നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.
ടെലികോം ഓപ്പറേറ്റർമാർക്കും ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ പോലുള്ള മറ്റ് വയർലെസ് സേവന ദാതാക്കൾക്കും ടെലികോം അടിസ്ഥാന സൗകര്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്വതന്ത്ര മാനേജ്‌മെന്റ് കമ്പനിയാണ് ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ്.