
മുംബൈ: ഡെറിവേറ്റീവ് ഇടപാടുകളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിപണിയില്‍ കനത്ത തകർച്ച നേരിട്ട് ഇൻഡസിൻഡ് ബാങ്ക്. ചൊവാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വിലയില്‍ 22 ശതമാനത്തിലേറെ ഇടിവുണ്ടായി.
ഫോറെക്സ് നിക്ഷേപം, ഡെറിവേറ്റീവ് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച പൊരുത്തക്കേടുകളാണ് ആഭ്യന്തര അന്വേഷണത്തില്‍ പുറത്തുവന്നത്. 1,500 കോടി രൂപയുടെ ഇടപാടുകളാണ് സംശയത്തിന്റെ നിഴിലിലെന്ന് ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നു. നഷ്ടം 2,000 കോടി രൂപവരെയാകാമെന്നും റിപ്പോർട്ടുകളുണ്ട്.
ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് ആഗോള ബ്രോക്കിങ് സ്ഥാപനങ്ങള്‍ ലക്ഷ്യ വില കുറച്ചത് തിരിച്ചടിയായി. 1,378 രൂപയില്‍നിന്ന് 1,160 രൂപയായാണ് പ്രമുഖ ബ്രോക്കിങ് ഹൗസായ സിറ്റി ലക്ഷ്യവില താഴ്ത്തിയത്. ഐഐഎഫ്‌എല്‍ സെക്യൂരിറ്റീസാകട്ടെ ലക്ഷ്യവില 910 രൂപയായി കുറച്ചു.
ബാങ്കിന്റെ എംഡി, സിഇഒ കാലാവധി മൂന്നു വർഷം നീട്ടണമെന്ന ഡയറക്ടർ ബോർഡിന്റെ ആവശ്യം ഈയിടെ റിസർവ് ബാങ്ക് നിരസിച്ചിരുന്നു. എംഡിയുടെ കാലാവധി ഒരു വർഷമണ് നീട്ടി നല്‍കിയത്. സിഎഫ്‌ഒ ഈയിടെ രാജിവെയ്ക്കുകയും ചെയ്തിരുന്നു.
വിദേശ നാണ്യ ഇടപാടുകളുടെ നഷ്ടം കുറയ്ക്കാൻ നടത്തിയ ഡെറിവേറ്റീവ് ഇടപാടിലെ പാകപ്പിഴയാണ് കനത്ത നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകള്‍.
22.80 ശതമാനം നഷ്ടത്തില്‍ 694 രൂപ നിലവാരത്തിലാണ് ബാങ്കിന്റെ ഓഹരിയില്‍ ചൊവാഴ്ച രാവിലെ വ്യാപാരം നടന്നത്. 1,576 രൂപവരെ ഉയർന്ന ശേഷം 56 ശതമാനത്തോളം ഇടിവാണ് ഈയിടെ ഓഹരിയിലുണ്ടായത്.