
മുംബൈ: സുമന്ത് കത്പാലിയയെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും (എംഡി) സിഇഒയുമായി വീണ്ടും നിയമിച്ച് പ്രമുഖ സ്വകാര്യ വായ്പക്കാരനായ ഇൻഡസ്ഇൻഡ് ബാങ്ക്. ഈ നിയമന അറിയിപ്പിനെത്തുടർന്ന് ബാങ്കിന്റെ ഓഹരികൾ 4.11 ശതമാനം ഉയർന്ന് 1,245.25 രൂപയിലെത്തി.
2023 മാർച്ച് 24 മുതൽ 2026 മാർച്ച് 23 വരെയുള്ള (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) മൂന്ന് വർഷത്തേക്ക് സുമന്ത് കത്പാലിയയെ എംഡിയും സിഇഒയുമായി വീണ്ടും നിയമിക്കുന്നതിന് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ഇൻഡസ്ഇൻഡ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്കിന്റെ ഷെയർഹോൾഡർമാരുടെയും അംഗീകാരത്തിന് വിധേയമാണ് പുനർ നിയമനമെന്ന് സ്വകാര്യ വായ്പക്കാരൻ പറഞ്ഞു.
ഇൻഡസ്ഇൻഡ് ബാങ്കിൽ ചേരുന്നതിന് മുമ്പ് സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, എബിഎൻ തുടങ്ങിയ വൻകിട മൾട്ടി-നാഷണൽ ബാങ്കുകളിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള ഒരു കരിയർ ബാങ്കറാണ് സുമന്ത് കത്പാലിയ. 14 വർഷം മുമ്പ് ഇൻഡസ്‌ഇൻഡ് ബാങ്കിൽ ചേർന്ന അദ്ദേഹം കോർ ലീഡർഷിപ്പ് ടീമിന്റെ ഭാഗമായിരുന്നു. അവിടെ ബാങ്കിനെ അടിമുടി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഇൻഡസ്ഇൻഡ് ബാങ്കിന്റെ എംഡിയും സിഇഒയും എന്ന നിലയിൽ ബാങ്കിന്റെ കോർ എക്‌സിക്യൂട്ടീവ് ടീമിനെ കത്പാലിയ നയിച്ചു. ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് സ്ട്രാറ്റജി & എക്‌സിക്യൂഷൻ, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, നിക്ഷേപക ബന്ധങ്ങൾ കൈകാര്യം ചെയ്യൽ, ലയനങ്ങൾ & ഏറ്റെടുക്കലുകൾ, അജൈവ വളർച്ചാ അവസരങ്ങളുടെ വിലയിരുത്തൽ, ഡിജിറ്റൈസേഷൻ, കംപ്ലയിൻസ്, ഗവേണൻസ് എന്നിവയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിനാണെന്ന് ഇൻഡസ്ഇൻഡ് ബാങ്ക് പത്രക്കുറിപ്പിൽ പറഞ്ഞു.
ഇൻഡസ്ഇൻഡ് ബാങ്ക് വ്യക്തിഗത, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. ബാങ്കിന്റെ വിതരണ ശൃംഖലയിൽ 2,286 ശാഖകളും 2,783 ഓൺസൈറ്റ്, ഓഫ്‌സൈറ്റ് എടിഎമ്മുകളും ഉൾപ്പെടുന്നു.