![](https://www.livenewage.com/wp-content/uploads/2022/07/iip-growth1.jpg)
ന്യൂഡല്‍ഹി: വ്യാവസായികോത്പാദന സൂചികയനുസരിച്ച് രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച സെപ്തംബറില്‍ 3.1ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 18 മാസത്തെ മോശം വളര്‍ച്ചാനിരക്കായ 0.8 ശതമാനമാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്.
3.1 ശതമാനത്തില്‍,സെപ്തംബര്‍ മാസത്തെ വ്യാവസായിക വളര്‍ച്ച പ്രതീക്ഷയ്ക്കപ്പുറമാണ്. നേരത്തെ കണക്കുകൂട്ടിയിരുന്ന 2.3 ശതമാനം വളര്‍ച്ചയില്‍ നിന്നും അധികമാണ് ഇത്. വൈദ്യുതി, ഖനന മേഖലകളുടെ മുന്നേറ്റമാണ് മൊത്തം സൂചികയെ ഉയര്‍ത്തിയത്.
ഖനനവും വൈദ്യുതി ഉത്പാദനവും യഥാക്രമം 4.9 ശതമാനവും 11.6 ശതമാനവുമായി ഉയര്‍ന്നു.തൊട്ടുമുന്‍മാസമായ ഓഗസ്റ്റില്‍ ഇത് യഥാക്രമം 3.9 ശതമാനവും 1.4 ശതമാനവുമായിരുന്നു.ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തില്‍ പ്രാഥമിക ഉത്പാദനം 9.3 ശതമാനമായും മൂലധന ചരക്ക് ഉത്പാദനം 10.3 ശതമാനമായും ഇടനില ഉത്പന്നങ്ങളുടെ ഉത്പാദനം 2 ശതമാനമായും അടിസ്ഥാനസൗകര്യ ഉത്പന്നങ്ങളുടെ ഉത്പാദനം 7.4 ശതമാനമായും കൂടി.
എന്നാല്‍ തൊട്ടുമുന്‍മാസമായ ഓഗസ്റ്റില്‍ ഈ മേഖലകള്‍ യഥാക്രമം 1.7 ശതമാനം, 5.7 ശതമാനം,4.3 ശതമാനം,2 ശതമാനം എന്നിങ്ങനെയാണ് വര്‍ധിച്ചത്. ഉപഭോക്തൃ ഉപകരണ ഉത്പാദനം സെപ്തംബറില്‍ 4.5 ശതമാനമായി കുറഞ്ഞപ്പോള്‍ ഓഗസ്റ്റിലെ ഇടിവ് 2.5 ശതമാനമായിരുന്നു. ഉപകരണങ്ങളല്ലാത്ത ഉപഭോക്തൃ ഉത്പന്ന ഉത്പാദനം സെപ്തംബറില്‍ 7.1 ശതമാനമായും ഇടിവ് നേരിട്ടു.